ഇസ്താംബൂള്‍ അറ്റാര്‍ടക് വിമാനത്താവളത്തില്‍ ചാവേര്‍സ്‌ഫോടനം; 36 പേര്‍ കൊല്ലപ്പെട്ടു; ആക്രമണത്തിന് പിന്നില്‍ ഐഎസ് ഭീകരരെന്ന് തുര്‍ക്കി പ്രധാനമന്ത്രി

അങ്കറ: തുര്‍ക്കിയിലെ ഇസ്താംബൂള്‍ അറ്റാര്‍ടക് വിമാനത്താവളത്തിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 36 പേര്‍ കൊല്ലപ്പെട്ടു. നൂറ്റമ്പതോളം പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. വിമാനത്താവളത്തിലേക്കെത്തി മൂന്നു ചാവേറുകള്‍ വെടിവയ്പ്പു നടത്തിയതിനുശേഷം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിനു പിന്നില്‍ ഐഎസ് ഭീകരരാണെന്ന് സംശയിക്കുന്നതായി തുര്‍ക്കി പ്രധാനമന്ത്രി ബിനാലി യില്‍ദ്രിം പറഞ്ഞു. എന്നാല്‍ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി 9.30 ഓടെയായിരുന്നു ആക്രമണം. ചാവേറുകളെ തടയാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും അതിനുമുന്‍പ് അവര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. തുര്‍ക്കി പൗരന്മാരും വിദേശികളും മരിച്ചവരിലുള്‍പ്പെടുന്നു. രാജ്യാന്തര തലത്തില്‍ ഭീകരവാദം ഭീഷണിയായതിന് തെളിവാണ് ആക്രമണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിരപരാധികളെ ലക്ഷ്യം വയ്ക്കുന്ന ഇത്തരം ആക്രമണങ്ങള്‍ വളരെ ഹീനമാണ്. ടാക്‌സിയിലെത്തിയ ചാവേറുകള്‍ വെടിവയ്പ്പു നടത്തിയതിനുശേഷം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരമെന്നും അദ്ദേഹം പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.