ജനവിധിയിലൂടെ ജയലളിതയുടെ മറുപടി; ഭൂരിപക്ഷം 1.5 ലക്ഷം

 

ചെന്നൈ: അനധികൃത സ്വത്തു സമ്പാദനകേസ് സൃഷ്ടിച്ച രാഷ്ട്രീയ തിരിച്ചടികള്‍ക്ക് കരുത്തുറ്റ ജനവിധിയിലൂടെ ജയലളിതയുടെ മറുപടി. കര്‍ണാടക ഹൈക്കോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ കേസില്‍ നിന്നും മോചിതയായെത്തി രാധാകൃഷ്ണന്‍ നഗറില്‍ ഉപതിരഞ്ഞെടുപ്പിനെ നേരിട്ട ജയലളിത ഒന്നര ലക്ഷത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയക്കൊടി പാറിച്ചത്.

ജയലളിതയ്ക്ക് 1,60,921 വോട്ടു കിട്ടിയപ്പോള്‍ മുഖ്യ എതിരാളിയായിരുന്ന സിപിഐയിലെ മഹേന്ദ്രന് ലഭിച്ചത് 9,710 വോട്ടു മാത്രം. ഭൂരിപക്ഷം 1,50,722. സ്വതന്ത്രനായി മല്‍സരിച്ച ട്രാഫിക് രാമസ്വാമിയ്ക്ക് 4,590 വോട്ടു ലഭിച്ചപ്പോള്‍ 2376 പേര്‍ നിധേഷ വോട്ട് ചെയ്തു. ഇതോടെ, അനധികൃത സ്വത്തു സമ്പാദന കേസ് ഉയര്‍ന്നു വന്നപ്പോള്‍ കൈയൊഴിഞ്ഞ തമിഴ്‌നാട് മുഖ്യമന്ത്രി പദത്തിലേക്ക് ജയലളിത തിരികെയെത്തുമെന്നുറപ്പായി.

മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിച്ച ഉപതിരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ഥി സി. മഹേന്ദ്രനായിരുന്നു ജയയുടെ മുഖ്യ എതിരാളി. സാമൂഹിക പ്രവര്‍ത്തകനായ ട്രാഫിക് രാമസാമിയുള്‍പ്പെടെ മറ്റ് 26 സ്വതന്ത്രരും മല്‍സര രംഗത്തുണ്ടായിരുന്നു. മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ് ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയത്. 90 ശതമാനം വോട്ടുമായി ജയ വന്‍വിജയം നേടുമെന്ന ആത്മവിശ്വാസത്തിലായിരുന്നു അണ്ണാ ഡിഎംകെ. തിരഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന് മുഖ്യ എതിരാളിയായ മഹേന്ദ്രന്‍ ആരോപിച്ചിരുന്നു. അന്‍പതിലേറെ ബൂത്തുകളില്‍ കള്ളവോട്ട് നടന്നതിന്റെ വ്യക്തമായ തെളിവുകളുണ്ടെന്നും സ്ഥാനാര്‍ഥി സി. മഹേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.