അല്‍ഖമര്‍ നഴ്‌സിങ് കോളജിന്റെ അംഗീകാരം റദ്ദാക്കും; കോളജിന് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍

കര്‍ണാടക: ഗുല്‍ബര്‍ഗയിലെ അല്‍ഖമര്‍ നഴ്‌സിങ് കോളജില്‍  ദളിത് വിദ്യാര്‍ത്ഥിയെ ക്ലീനിംഗ് ലോഷന്‍ കുടിപ്പ സംഭവത്തില്‍ കോളജിനെതിരെ കര്‍ശന നടപടി സ്വീകരീക്കുമെന്ന് ഇന്ത്യന്‍ നഴ്‌സിങ്ങ് കൗണ്‍സില്‍. അല്‍ഖമര്‍ നഴ്‌സിങ്ങ് കോളജിന്റെ അംഗീകാരം റദ്ദാക്കിയേക്കുമെന്ന് പ്രസിഡന്റ് ടി. ദിലീപ് പറഞ്ഞു. റാഗിങ്ങ് തടയുന്നതില്‍ കോളജ് ഗുരുതര വീഴ്ച്ച വരുത്തിയതായി കണ്ടെത്തല്‍. റാഗിങ്ങ് തടയാനുള്ള യുജിസി നിര്‍ദ്ദേശങ്ങള്‍ കോളജ് പാലിച്ചില്ലെന്നും അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയുണ്ടാകുമെന്നും പ്രസിഡന്റ് ടി.ദിലീപ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഗുല്‍ബര്‍ഗയിലെ അല്‍ഖമര്‍ നേഴ്‌സിങ്ങ് കോളജില്‍ റാഗിങ്ങിനിരയായ എടപ്പാള്‍ സ്വദേശിനി അശ്വതി ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇതിനിടെ അശ്വതിയുടെ റൂം മേറ്റ് ചമ്രവട്ടം സ്വദേശി സാഹിനി ഹിതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് മൂന്ന് മലയാളി വിദ്യാര്‍ഥിനികളെ റിമാന്‍ഡ് ചെയ്തു. കൊല്ലം സ്വദേശി ലക്ഷ്മി, ഇടുക്കി സ്വദേശി ആതിര, കൃഷ്ണപ്രിയ എന്നിവരെയാണ് രണ്ടാഴ്ചത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. അനാരോഗ്യം കാരണം കൃഷ്ണപ്രിയയെ ആശുപത്രിയിലേക്ക് മാറ്റി. നാലാം പ്രതിക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. ഗുല്‍ബര്‍ഗ പൊലീസ് കോളെജ് അധികൃതരെയും വിദ്യാര്‍ഥിനികളെയും വെള്ളിയാഴ്ച പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്. സംഭവം പൊലീസിനെ അറിയിക്കുന്നതില്‍ അധികൃതര്‍ വീഴ്ചവരുത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തി. കലബുറഗി എസ്.പി ശശികുമാര്‍, അന്വേഷണ ചുമതല വഹിക്കുന്ന ഡിവൈ.എസ്.പി എ.എസ്. ഝാന്‍വി, നാല് ഇന്‍സ്‌പെക്ടര്‍മാര്‍, രണ്ടു വനിതാ എസ്.ഐമാര്‍ എന്നിവരടങ്ങിയ സംഘമാണ് ചോദ്യം ചെയ്തത്. എന്നാല്‍ അല്‍ഖമാര്‍ നഴ്‌സിങ് കോളേജില്‍ മലയാളി വിദ്യാര്‍ഥിനി റാഗിങ്ങിന് ഇരയായതാണോ അല്ലെങ്കില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതാണോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നായിരുന്നു ഗുല്‍ബര്‍ഗ ഡിവൈ.എസ്.പി ജാന്‍വി മാധ്യമങ്ങളോട് പറഞ്ഞത്.

© 2024 Live Kerala News. All Rights Reserved.