ഉഡ്താ പഞ്ചാബ് അഥവാ ലഹരി വിളയുന്ന പാടങ്ങള്‍

എസ്. വിനേഷ് കുമാര്‍

തികച്ചും കൊമേഴ്‌സ്യല്‍ ചേരുവകളോടെത്തന്നെ പഞ്ചാബ് നേരിടുന്ന യാഥാര്‍ഥ്യങ്ങളിലേക്കാണ് ഉഡ്താ പഞ്ചാബ് സഞ്ചരിക്കുന്നത്. ഗോതമ്പ് വിളയുന്ന പാടങ്ങള്‍ ലഹരിയുടെ നാട്ടുവഴികളാകുമ്പോഴുള്ള അപകടാവസ്ഥയെ കൃത്യമായി രേഖപ്പെടുത്താന്‍ ചിത്രത്തിന് കഴിഞ്ഞു. ഒരു തലമുറയെയും നാടിനെയും മയക്കുമരുന്നും ലഹരിയും എങ്ങനെ കീഴടക്കുന്നുവെന്നത് ഭരണകൂടത്തിന്റെ നെഞ്ചത്ത് പ്രഹരിച്ചുകൊണ്ടുതന്നെ ചിത്രം ധീരവും ചലനാത്മകവുമായി ആശയവിനിമയം നടത്താന്‍ ഉഡ്താ പഞ്ചാബിന് കഴിഞ്ഞെന്ന് തന്നെ പറയാം. പാകിസ്ഥാനുമായി അതിരിടുന്ന പഞ്ചാബ് ലഹരിയുടെ ഇടത്താവളമായത് സ്‌ഫോടകാത്മകമായിത്തന്നെ അവതരിപ്പിക്കാന്‍ സംവിധായകന്‍ അഭിഷേക് ചൗബേയ്ക്കും കൂട്ടര്‍ക്കും കഴിഞ്ഞു. ഹെറോയ്ന്‍ എന്ന വിലപിടിപ്പുള്ള മയക്കുമരുന്നിന്റെ വില്‍പ്പനസാധ്യകളും ലഹരിയുടെ അങ്ങേയറ്റത്തെ മനുഷ്യാവസ്ഥയും ഒരുവേളപോലും ന്യായീകരിക്കാതെ ഉറച്ച നിലപാടില്‍ത്തന്നെ അഭ്രപാളിയിലേക്ക് ആലേഖനം ചെയ്യാന്‍ സംവിധായകന് കഴിഞ്ഞപ്പോള്‍ ലഹരി വിളയുന്ന പഞ്ചാബിന്റെ മണ്ണിനെ കൃത്യതയാര്‍ന്ന ദൃശ്യങ്ങളിലൂടെ ആശയവിനിമയം നടത്തിയ രാജീവ് രവിയുടെ ഛായാഗ്രഹണത്തിനും മാര്‍ക്കിടാം. മെലോഡ്രൈമയുടെ പതിവ് ടിപ്പിക്കല്‍ നിലവാരത്തില്‍ നിന്ന് മാറിസഞ്ചരിക്കാന്‍ ഉഡ്താ പഞ്ചാബ് പലപ്പോഴും തെന്നിമാറുന്നുണ്ടെങ്കിലും ഭാഗികമായേ അതിനാവുന്നുള്ളുവെന്ന യാഥാര്‍ഥ്യം അവശേഷിക്കുന്നു. അഭിഷേക് ചൗബേ എന്ന മികച്ച സംവിധായകന്റെ കയ്യടക്കവും ആഖ്യാന രീതികളുമാണ് ചിത്രത്തിന് മിഴിവേകുന്നത്. കൂടാതെ മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയവും നിലപാടിലൂന്നിയ കാഴ്ച്ചപ്പാടുകളും.

aliabhatt-udtapunjab

ലഹരി നുരയുന്ന പഞ്ചാബിന്റെ മണ്ണില്‍ പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന രാഷ്ട്രീയ സംവിധാനത്തെയും ആലസ്യത്തിലാണ്ട ഭരണകൂടത്തെയും കീറിയൊട്ടിക്കാന്‍തന്നെ ചിത്രം അസാധാരണമായ ചങ്കൂറ്റം കാണിക്കുന്നുണ്ട്. ഒപ്പം തന്നെ ലഹരിയില്‍ അഭിരമിക്കുന്ന പോപ്പ് സംഗീതത്തിന്റെ മയക്കുമരുന്ന് വഴികളും പഞ്ചാബിലെ കൗമാര-യുവത്വത്തിന്റെ ലഹരിയില്‍ കുതിര്‍ന്ന ജീവിത സായാഹ്നങ്ങളുമെല്ലാം ചിത്രത്തില്‍ കൃത്യമായി രേഖപ്പെടുത്തുക തന്നെ ചെയ്തിട്ടുണ്ട്. ഗോതമ്പ് പാടങ്ങളില്‍ ചെന്നുവീഴുന്ന ലഹരിനിറച്ച പൊതികളില്‍ നിന്ന് തുടങ്ങുന്ന ചിത്രം രണ്ടാം പകുതിയില്‍ നിന്ന് ക്ലൈമാക്‌സിലേക്ക് കടക്കുമ്പോള്‍ പതിവ് ടിപ്പിക്കല്‍ സ്വീകന്‍സുകളുടെ പിന്‍ബലത്തിലാണ് അവസാനിക്കുന്നത്. അനീതിക്കെതിരെ പോരാടുന്ന നായകനും ഇയാള്‍ക്കൊപ്പം ചേരുന്ന നായികയില്‍ മൊട്ടിടുന്ന പ്രേമവുമൊക്കെ ഒരുവേള ചിത്രത്തിന്റെ ട്രാക്ക് തന്നെ മാറ്റികളയുന്നുണ്ട്. മയക്കുമരുന്നിനെതിരെ പോരാടുന്ന പൊലീസ് ഓഫീസര്‍ സര്‍താജ് സിംഗായി ദില്‍ദിത് റോസാജും അദേഹത്തിന്റെ സഹായിയായെത്തുന്ന പ്രീതി സാഗ്നിയെന്ന ഡോക്ടറായി കരീന കപൂറും പ്രേക്ഷകന് അലോസരമുണ്ടാക്കാതെ തങ്ങളുടെ റോളുകള്‍ മികവുറ്റതാക്കുന്നു. ഐറ്റംഡാന്‍സറും പ്രണയപരവശയുമൊന്നുമല്ലാത്ത പക്വതയുള്ള കഥാപാത്രമായാണ് കരീനയുടെ വേറിട്ട പെര്‍ഫോമന്‍സ്. അതേസമയം പഞ്ചാബിലെ മയക്കുമരുന്ന് മാഫിയയുടെ കരാളഹസ്തങ്ങളില്‍ കുടുങ്ങിയ ബീഹാറി പെണ്‍കുട്ടിയായി ആലിയഭട്ട് മികച്ച പ്രകടനം തന്നെ കാഴ്ച്ചവെച്ചെന്ന് നിസംശയവും പറയാം. ആലിയാബട്ടിന്റെ പ്രകടനം ഏറെ അവിശ്വസനീയമായ ട്രാക്കിലൂടെയാണ് സഞ്ചരിക്കുന്നത്. ബീഹാറി പെണ്‍കുട്ടിയോട് അസാധാരണമായ ഇഷ്ടംതോന്നുന്ന പോപ്പ് ഗായകന്‍ ടോമി സിംഗ് എന്ന വേഷം ഷാഹിദ് കപൂറിന്റെ കയ്യില്‍ ഭദ്രമായിരുന്നു.

Udta-Punjab-YT1
സെന്‍സര്‍ബോര്‍ഡ് വെട്ടിമുറിക്കാന്‍ വ്യഗ്രതകാട്ടിയപ്പോള്‍ കോടതിയുടെ പിന്‍ബലത്തിലാണ് ഉഡ്താ പഞ്ചാബ് തിര തൊട്ടത്. പാകിസ്ഥാനിലുള്‍പ്പെടെ ചിത്രത്തിന് നിരോധനം വന്നപ്പോഴും മികച്ച അഭിപ്രായംതന്നെയാണ് പുറത്തുവരുന്നത്. എന്തുകൊണ്ടാണ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നുള്ള ചോദ്യത്തിന് ഉത്തരം നല്‍കേണ്ടതിന്റെ ഉത്തരവാദിത്വം സെന്‍സര്‍ ബോര്‍ഡില്‍ നിക്ഷിപ്തവുമാണ്. ഹെറോയ്‌നും നാര്‍ക്കോട്ടിക് മരുന്നുകളായ പെത്തഡിനും മോര്‍ഫിനും ഫോര്‍ട്ട്‌വിനുമൊക്കെ അനിയന്ത്രിതമായ ഉപയോഗിക്കുന്നൊരു തലമുറയെ ആ സാമൂഹ്യവിപത്തില്‍ നിന്ന് മോചിപ്പിക്കാത്ത ഭരണകൂട-പൊലീസ് സംവിധാനങ്ങളെ പ്രതിരോധത്തിലാക്കാന്‍ ചിത്രത്തിന് കഴിഞ്ഞു. പൂര്‍ണ്ണമായും ടിപ്പിക്കല്‍ കൊമേഴ്‌സ്യന്‍ സിനിമകളുടെ പതിവ് ഗണത്തിലേക്ക് ഒരുവേള ചിത്രം വഴിതെറ്റി സഞ്ചരിക്കുന്നുണ്ടെങ്കിലും സാമൂഹ്യയാഥാര്‍ഥ്യങ്ങളെ കൃത്യമായി കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ സംവിധായകന്റെ നിലപാടുകള്‍ക്ക് കഴിഞ്ഞു. മരുന്നടിച്ച് ലഹരിയുടെ ആഴക്കയത്തില്‍പ്പെട്ട കൗമാര-യുവത്വങ്ങളിലേക്ക്്് കൃത്യതയാര്‍ന്ന ഫ്രെയിംതന്നെയാണ് രാജീവ് രവി റോള്‍ ചെയ്തത്. ഭരണകൂടവും രാഷ്ട്രീയ മേലാളന്‍മാരും മയക്കുമരുന്ന് മാഫിയയും ഇടനിലക്കാരും കൈകോര്‍ത്തുള്ള പഞ്ചാബിയന്‍ മാതൃക ലഹരിവഴികളുടെ രാഷ്ട്രീയം ചിത്രം പറയുമ്പോള്‍തന്നെ ഹ്യൂമറിനാകട്ടെ അഭിഷേക് ചൗബേനും ക്രൂവും ഇടം നല്‍കിയിട്ടുമുണ്ട്. ഷാഹിദ് കപൂറിന്റെ അവസരത്തിലും അനവസരത്തിലുമുള്ള ഹാസ്യം പ്രേക്ഷകരെ മുഷിപ്പിക്കാതെയും അരോചകമാക്കാതെയും കടന്നുപോകുന്നുണ്ട്. പഞ്ചാബെന്ന ഗോതമ്പു നാട്ടിലെ പൊള്ളുന്ന യാഥാര്‍ഥ്യങ്ങളെ തീക്ഷ്ണവും വൈകാരികവും യുക്തിഭദ്രവുമായ രീതിയില്‍ അവതരിപ്പിക്കാന്‍ ചിത്രത്തിന് കഴിഞ്ഞു. പുതുതലമുറയുടെ ജീവിതപരിസങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെന്തൊക്കെയന്ന് പറയുന്ന ചിത്രത്തിന് മടിക്കാതെ ടിക്കറ്റെടുക്കുകതന്നെ വേണം.