ടിവി സീരിയലുകള്‍ നിയന്ത്രിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് മാതൃകയില്‍ സംവിധാനം വേണം; സീരിയലുകള്‍ക്ക് മൂക്കുകയറിടാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ സഹായംതേടി

തിരുവനന്തപുരം: ടിവി സീരിയലുകള്‍ നിയന്ത്രിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് മാതൃകയില്‍ സംവിധാനം വേണമന്നും കേരളത്തില്‍ ഇവ നിയന്ത്രിക്കുന്നതിന് അനുവാദം ആവശ്യപ്പെട്ടുകൊണ്ടും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു. സീരിയലുകളുടെ ഉള്ളടക്കം കുട്ടികളേയും യുവതിയുവാക്കളേയും വഴിതെറ്റിക്കുന്ന പ്രവണതകളുണ്ടെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഇത്തരം വിമര്‍ശനങ്ങള്‍ പലപ്പോഴായി ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച് കേന്ദ്രത്തിന് കത്ത് നല്‍കിയിരിക്കുന്നത്. സീരിയലുകളുടെ ഉള്ളടക്കം നിയന്ത്രിക്കാന്‍ നിലവില്‍ സര്‍ക്കാരിന് അധികാരമില്ല. നേരത്തെ സീരിയലുകള്‍ക്കെതിരെ ഹൈക്കോടി ജസ്റ്റീസ് ബി കമാല്‍ പാഷെ തന്നെ രംഗത്തെത്തിയിരുന്നു. നാട്ടില്‍ നടക്കുന്ന അഴിമതികള്‍ക്കും അക്രമങ്ങള്‍ക്കും സീരിയല്‍ കാരണമാകുന്നുണ്ടെന്നായിരുന്നു കഴിഞ്ഞ ഡിസംബറില്‍ കമാല്‍ പാഷെയുടെ പ്രതികരണം. അതിനാല്‍ സീരിയലുകള്‍ സെന്‍സര്‍ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കുടുംബസംവിധാനത്തില്‍ വിള്ളലുണ്ടാക്കുകയും മോശമായ പ്രവണതകള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സീരിയലുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മൂക്കയറിടാന്‍ സര്‍ക്കാര്‍ തീരുമാനം.

© 2022 Live Kerala News. All Rights Reserved.