എല്‍ഡിഎഫ് സര്‍ക്കാറിനെതിരെ എന്‍എസ്എസ്; ദേവസ്വംബോര്‍ഡ് നിയമനം പിഎസ് സിക്ക് വിടരുത്; ശബരിമലയിലെ ആചാര-അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നും പ്രമേയം

ചങ്ങനാശേരി: സംസ്ഥാന സര്‍ക്കാറിന്റെ മധുവിധുകാലത്തെ പരിഷ്‌കാരങ്ങളെ തുറന്നെതിര്‍ത്ത് എന്‍എസ്എസ് നേതൃത്വം രംഗത്തെത്തി. ചങ്ങനാശ്ശേരിയില്‍ നടക്കുന്ന ബജറ്റ് സമ്മേളനത്തിലാണ് സര്‍ക്കാര്‍ നിലപാടിനെതിരെ എന്‍എസ്എസ് പ്രമേയം പാസാക്കിയത്. ശബരിമല വിഷയത്തിലും ദേവസ്വംബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുന്നതിലും ബജറ്റ് സമ്മേളനത്തിനിടെ എന്‍എസ്എസ് നേതൃത്വം തങ്ങളുടെ എതിര്‍പ്പ് വ്യക്തമാക്കി. ദേവസ്വം ബോര്‍ഡിലെ നിയമനങ്ങള്‍ക്കായി രൂപീകരിച്ച റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പിരിച്ചുവിട്ടതിലും നിയമനങ്ങള്‍ പിഎസ്‌സി വഴിയാക്കുന്നതിനും എതിരെയാണ് പ്രമേയം പാസാക്കിയത്. കൂടാതെ ശബരിമലയിലെ ആചാരനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു. വര്‍ഗീയതയോടുളള മൃദുസമീപനമാണ് യുഡിഎഫിന്റെ പരാജയത്തിന് കാരണമെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു.കഴിഞ്ഞ സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ എതിര്‍ത്ത പോലെ ഈ സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ എതിര്‍ക്കുമെന്നും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ബജറ്റ് അവതരണത്തിന് മുന്നോടിയായി വ്യക്തമാക്കി. അതേസമയം കടുത്തഭാഷയില്‍ സര്‍ക്കാറിനെ വിമര്‍ശിക്കാതെയായിരുന്നു എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ പ്രസംഗം.

© 2024 Live Kerala News. All Rights Reserved.