അമിര്‍ ഉള്‍ ഇസ്ലാം വീണ്ടും മൊഴിമാറ്റി; ജിഷ വധക്കേസില്‍ മൂന്ന് സാക്ഷികള്‍കൂടി പ്രതിയെ തിരിച്ചറിഞ്ഞു; അന്വേഷണസംഘം കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു

കൊച്ചി: ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാം വീണ്ടും മൊഴി മാറ്റിയത് അന്വേഷണ സംഘത്തെ വെട്ടിലാക്കി. ജിഷയുടെ ശരീരത്തില്‍ ഏല്‍പ്പിച്ച മുറിവുകളുടെ എണ്ണത്തിലാണ് അമീര്‍ ഒടുവില്‍ മൊഴി മാറ്റിയത്. കൊല നടന്ന ദിവസം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചില്ലെന്ന മൊഴിയും തെറ്റാണെന്ന് സൂചനയുണ്ട്.അതേസമയം മൂന്ന് സാക്ഷികള്‍ കൂടി പ്രതിയെ തിരിച്ചറിഞ്ഞു. അമീര്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമ, അവിടെ താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളി, അമീര്‍ ചെരിപ്പ് വാങ്ങിയ കടക്കാരന്‍ എന്നിവരാണ് വെള്ളിയാഴ്ച പോലീസ് ക്ലബ്ബിലെത്തി പ്രതിയെ തിരിച്ചറിഞ്ഞത്. കൊലപാതകത്തിനു ശേഷം അമീര്‍ ഉപേക്ഷിച്ച ചെരിപ്പ് ജിഷയുടെ വീടിനടുത്തുള്ള കനാല്‍ക്കരയില്‍ നിന്നാണ് പോലീസിന് ലഭിച്ചത്. ചെരിപ്പില്‍ പുരണ്ടിരുന്ന രക്തവും പ്രതിയുടേത് തന്നെയാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിരുന്നു. അമീര്‍ തന്നെയാണ് ചെരിപ്പ് വാങ്ങാന്‍ വന്നതെന്നാണ് കടയുടമ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
ജിഷയുടെ ശരീരത്തില്‍ പത്തില്‍ താഴെ മുറിവുകളേ ഏല്‍പ്പിച്ചിട്ടുള്ളൂവെന്നാണ് അമീര്‍ ഇപ്പോള്‍ പോലീസിനോട് പറയുന്നത്. ജിഷയുടെ ശരീരത്തില്‍ 38 മുറിവുകളുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. അമീര്‍ പറയുന്നത് സത്യമാണെങ്കില്‍ ജിഷയുടെ കൊലപാതകത്തില്‍ മറ്റൊരാള്‍ക്ക് കൂടി പങ്കുണ്ടെന്ന് കരുതേണ്ടിവരും. ഈ അന്വേഷണമാണ് അനാദിറുളിലേക്ക് നീങ്ങുന്നത്.

© 2022 Live Kerala News. All Rights Reserved.