അമിര്‍ ഉള്‍ ഇസ്ലാമിന്റെ രേഖാചിത്രവുമായി സാമ്യമില്ല; കേരള പൊലീസ് അസമില്‍; ആശയക്കുഴപ്പം തീരുന്നില്ല

കൊച്ചി: ജിഷ കൊലക്കേസ് പ്രതി അമീര്‍ ഉള്‍ ഇസ്ലാമിന്റെ യഥാര്‍ഥ ചിത്രത്തിന് പൊലീസ് തയ്യാറാക്കിയ ചിത്രവുമായി സാമ്യമില്ല. അമീറിന്റേതെന്ന പേരില്‍ അയാളുടെ ജന്മനാട്ടിലുള്ള ചില സുഹൃത്തുക്കളാണു ചിത്രങ്ങള്‍ പുറത്തുവിട്ടത്. അമീറിനെ തിരക്കി കേരള പോലീസ് അസമില്‍ നടത്തിയ അന്വേഷണത്തിനു പിന്നാലെയാണ് ചിത്രങ്ങള്‍ പുറത്തായത്. അന്വേഷണ സംഘത്തിന്റെ കൈവശമുണ്ടായിരുന്ന ചില ഫോട്ടോകള്‍ അമീറിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് നാട്ടില്‍നിന്നു പോയ അമീറിന്റെ ചിത്രങ്ങള്‍ അയച്ചുകിട്ടിയത്. രുപസാദൃശ്യമുള്ളതിനാല്‍ ചിത്രങ്ങള്‍ അമീറിന്റേതെന്ന് ഉറപ്പിച്ചതായാണ് അന്വേഷണസംഘവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന വിവരം. മംഗളം പത്രമാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. താടി നീട്ടി വളര്‍ത്തിയത് ഒഴിച്ചാല്‍ ഫോട്ടോയിലുള്ള രൂപം തന്നെയാണു പ്രതിയുടേതെന്നും പോലീസ് പുറത്തുവിട്ട രേഖാചിത്രവുമായി സാമ്യമില്ലെന്നുമാണ് സൂചന. കേസ് അന്വേഷണത്തിന്റെ ഭാഗമായി പോലീസ് തയാറാക്കിയ പത്തിലധികം രേഖാചിത്രങ്ങളില്‍ രണ്ടെണ്ണം മാത്രമാണു പുറത്തുവിട്ടത്. സാമ്യമില്ലാത്ത രേഖാചിത്രങ്ങള്‍ പുറത്തുവിട്ടത് പ്രതിയെ കബളിപ്പിച്ച് കസ്റ്റഡിയില്‍ എടുക്കാനായിരുന്നെന്നാണ് വിവരം. എന്നാല്‍ പുറത്തുവിട്ട രേഖാചിത്രവുമായി സാമ്യമുള്ള നിരവധി ആളുകളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു. അതിനിടെ അമീറിന്റെ ഡി.എന്‍.എ. പരിശോധന മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ നടത്താനായി കുറുപ്പംപടി സബ് കോടതിയില്‍ പ്രത്യേക അന്വേഷണസംഘം ഇന്നലെ അപേക്ഷ നല്‍കി. പൊലീസിന്റെ നടപടിയില്‍ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്.

© 2024 Live Kerala News. All Rights Reserved.