ഇന്ത്യക്ക് എന്‍എസ്ജിയില്‍ അംഗത്വമില്ല; എതിര്‍പ്പുമായി കൂടുതല്‍ രാജ്യങ്ങള്‍

സിയോള്‍: ആണവ വിതരണ ഗ്രൂപ്പില്‍ (എന്‍എസ്ജിയില്‍ )ഇന്ത്യക്ക് അംഗത്വമില്ല. ദക്ഷിണ കൊറിയയിലെ സിയോളില്‍ നടന്ന പ്ലീനറി സമ്മേളനത്തിലാണ് ഇന്ത്യക്ക് അംഗത്വം നല്‍കില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുത്തത്. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവെച്ച രാജ്യങ്ങള്‍ക്ക് മാത്രമാണ് എന്‍എസ്ജിയില്‍ അംഗത്വം നല്‍കുകയുള്ളൂ. ഇന്ത്യ കരാറില്‍ ഒപ്പുവെച്ചിട്ടില്ലാത്തതിനാല്‍ അംഗത്വം നല്‍കാന്‍ സാധിക്കില്ലെന്ന നിലപാട് എടുക്കുകയായിരുന്നു.

48 രാജ്യങ്ങള്‍ പങ്കെടുത്ത സമ്മേളനത്തില്‍ ചൈന, സ്വിറ്റ്‌സര്‍ലന്റ് അടക്കമുള്ള ചില രാജ്യങ്ങള്‍ എന്‍എസ്ജിയില്‍ ഇന്ത്യക്കുള്ള അംഗത്വം എതിര്‍ത്തു. സമ്മേളനത്തില്‍ ഇന്ത്യയുടെ കാര്യം പ്രത്യേകം ചര്‍ച്ചയ്‌ക്കെടുത്തെങ്കിലും അന്തിമ ഘട്ടത്തില്‍ ഇത് തള്ളുകയായിരുന്നു. ഇന്ത്യക്ക് എന്‍എസ്ജി അംഗത്വം നല്‍കുന്നുവെങ്കില്‍ പാകിസ്താനും നല്‍കണമെന്നാണ് ചൈനയുടെ നിലപാട്. ഇന്ത്യക്ക് പിന്നാലെ പാകിസ്താനും എന്‍എസ്ജി അംഗത്വത്തിനായി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
ഇന്ത്യയുടെ ആവശ്യത്തെ പിന്തുണയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗിനോട് ആവശ്യപ്പെട്ടിരുന്നു. ന്യായവും വസ്തുനിഷ്ടവുമായ വിശകലനം ഇക്കാര്യത്തില്‍ നടത്തണമെന്ന് മോദി ആവശ്യപ്പെട്ടു.

© 2022 Live Kerala News. All Rights Reserved.