കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മണ്ഡലത്തില്‍ എംഎല്‍എ മുകേഷിന്റെ തലവെട്ടം പോലും കാണാനില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. വിഷ്ണു സുനില്‍ പന്തളം മുകേഷിനെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസിന് പരാതി നല്‍കി. പൊതുജനങ്ങളുടെ ആവശ്യം നിരന്തരമായപ്പോഴാണ് പരാതിയുമായി മുന്നിട്ടിറങ്ങിയതെന്നാണ് വിഷ്ണുവിന്റെ വിശദീകരണം. അതിന് കാരണവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് ഇങ്ങനെ
പ്രകൃതിക്ഷോഭങ്ങള്‍ മൂലം കൊല്ലത്തിന്റെ തീരദേശ മേഖലയില്‍ വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടും എംഎല്‍എയെ കാണാനോ പരാതി പറയാനോ പൊതുജനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. കൊല്ലത്ത് കളക്ട്രേറ്റില്‍ ബോംബ് സ്‌ഫോടനം ഉണ്ടായപ്പോള്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുളളവര്‍ വരെ സ്ഥലം സന്ദര്‍ശിച്ചു. അവിടെയും സ്ഥലം എംഎല്‍എയെ കണ്ടില്ല. മുഖ്യമന്ത്രി പങ്കെടുത്ത പൊതുപരിപാടിയിലും എംഎല്‍എ മുകേഷിനെ കണ്ടില്ല. ഇതൊക്കെ എംഎല്‍എയെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കാനുള്ള മതിയായ കാരണങ്ങളാന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ വാദം.