ആന ആത്മഹത്യ ചെയ്യുമോ? തല കൂട്ടിലിടിച്ച് കാട്ടാന ജീവനൊടുക്കിയതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ വനമേഖലയില്‍ നിന്ന് പിടികൂടിയ ഒറ്റയാന്‍ ചരിഞ്ഞത് ആത്മഹത്യ മൂലമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുള്ളതായി തമിഴ്‌നാട് വനംവകുപ്പ്. ആനക്കൂട്ടില്‍ ആവര്‍ത്തിച്ച് തല ഇടിച്ചതിനെത്തുടര്‍ന്ന് തലയോട്ടി തകര്‍ന്നാണ് മഹാരാജ എന്ന് വനംവകുപ്പ് പേര് നല്‍കിയ ആ ചരിഞ്ഞതെന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടാണ് ഉദ്യോഗസ്ഥര്‍ക്ക് തലവേദന സൃഷ്ടിക്കുന്നത്. ടൈംസ്് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
മഥുക്കര ടൈഗര്‍ റിസര്‍വിലുള്ള ആനക്കൂട്ടിലാണ് ഒറ്റയാന്‍ കഴിഞ്ഞ ദിവസം ചരിഞ്ഞത്. കൊമ്പനാന ആത്മഹത്യ ചെയ്തുവെന്ന നിഗമനത്തിലാണ് വനംവകുപ്പ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അധികൃതര്‍ മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. അമിതമായി മയക്കുമരുന്ന് നല്‍കിയത് മൂലമാവാം ആന ചരിഞ്ഞതെന്ന വാദം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തള്ളിക്കളഞ്ഞു. മയക്കുമരുന്ന് അമിതമായാല്‍ ആനകള്‍ക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍, വളരെ കുറഞ്ഞ അളവില്‍ മാത്രമെ മയക്കുമരുന്ന് നല്‍കിയിട്ടുള്ളുവെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. മയക്കം വിട്ടതോടെ ആക്രമണ സ്വഭാവം കാട്ടിയ ആന തുടര്‍ച്ചയായി തല കൂട്ടില്‍ ഇടിച്ചുവെന്നും ഒടുവില്‍ കുഴഞ്ഞുവീണുവെന്നുമാണ് ഔദ്യോഗിക വിശദീകരണം. കാട്ടില്‍ സൈ്വര്യമായി വിഹരിക്കുന്ന ആനയെ നാട്ടിലെ കൂട്ടിലടച്ചതില്‍ മനംനൊന്തുള്ള ആത്മഹത്യയെന്ന് ഇതിനെ വിശേഷിപ്പിക്കാമോ?

© 2022 Live Kerala News. All Rights Reserved.