ശ്രീരാമന്‍ മനുഷ്യാവകാശം ലംഘിച്ചു; സീതയോട് നീതി കാണിച്ചില്ല; സെമിനാറില്‍ വിവാദ പരാമര്‍ശം നടത്തിയ മൈസൂര്‍ യൂണിവേഴ്‌സിറ്റിയിലെ ജേര്‍ണലിസം പ്രഫസറെ ജയിലിലടച്ചു

മൈസൂര്‍: രാമായണത്തിലെ ശ്രീരാമന്‍ മനുഷ്യാവകാശം ലംഘിച്ച ആളായിരുന്നെന്നും സീതയോട് നീതി കാണിച്ചില്ലെന്നുമുള്ള വിവാദ പരാമര്‍ശത്തെത്തുടര്‍ന്നാണ് മൈസൂര്‍ യൂണിവേഴ്‌സിറ്റിയിലെ ജേണലിസം വിഭാഗം പ്രൊഫസര്‍ മഹേഷ് ചന്ദ്രയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ജനുവരിയില്‍ യുജിസി അക്കാഡമിക് സ്റ്റാഫ് കോളേജില്‍ നടന്ന മാധ്യമങ്ങളും മനുഷ്യാവകാശവും എന്ന വിഷയത്തില്‍ സംസാരിക്കുന്നതിനിടയില്‍ ശ്രീരാമനെതിരെ പരാമര്‍ശം നടത്തിയെന്നാണ് പരാതി. കോടതിയില്‍ നല്‍കിയ പരാതിയില്‍ രണ്ട് തവണ വിചാരണയ്ക്ക് വിളിച്ചിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ്. കര്‍നാഡു സര്‍വോദയ സേന എന്ന സംഘടനയാണ് പരാതി നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്കുമെതിരെ പ്രസംഗിച്ചുവെന്ന പരാതിയും മഹേഷിനെതിരെ നിലവിലുണ്ട്. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ ആത്മഹത്യ ചെയ്ത രോഹിത് വെമുലയെക്കുറിച്ച് സംസാരിക്കവെ മോഡിയേയും സ്മൃതി ഇറാനിയേയും അധിക്ഷേപിച്ചെന്നായിരുന്നു പരാതി. പ്രൊഫസറെ ജയിലില്‍ അടച്ചതില്‍ പ്രതിഷേധവുമായി സഹപ്രവര്‍ത്തകര്‍ രംഗത്തെത്തി. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് അവര്‍ ആരോപിച്ചു. ഗുരുവിനെതിരെ പരാതി നല്‍കിയ സംഘടനയ്ക്ക് ആര്‍എസ്എസ് ബന്ധമുണ്ടെന്ന് ജേണലിസം വിഭാഗത്തിലെ റിസര്‍ച്ച് സ്‌കോളാര്‍ ദിലീപ് ആരോപിച്ചു. സാമൂഹിക വിഷയങ്ങളില്‍ സജീവമായി ഇടപെടുകയും കൃത്യതയുള്ള അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്ന വ്യക്തിയാണ് മഹേഷ് ചന്ദ്രയെന്ന് സഹപ്രവര്‍ത്തകരും വിദ്യാര്‍ഥികളും പറഞ്ഞു.

© 2022 Live Kerala News. All Rights Reserved.