കാര്‍ഷികവായ്പ നിബന്ധന കര്‍ശനമാക്കുന്നു

 

പാലക്കാട്: നാലുശതമാനം പലിശയ്ക്ക് കാര്‍ഷികവായ്പ ലഭ്യമാക്കുന്ന പദ്ധതി തുടരും. ജൂണ്‍ 30 മുതല്‍ നിര്‍ത്തലാക്കാനുദ്ദേശിച്ച പദ്ധതി ജൂലായ് 31 വരെ തുടരാന്‍ കേന്ദ്രം തീരുമാനിച്ചു. ഇതുസംബംന്ധിച്ച അറിയിപ്പ് ബാങ്കുകള്‍ക്കും നബാര്‍ഡിനും കേന്ദ്ര ധനകാര്യമന്ത്രാലയം അയച്ചു.

ജൂലായ് 31നുശേഷവും പദ്ധതി ആനുകൂല്യം തുടരുമെന്നാണ് കേന്ദ്ര ധനകാര്യമന്ത്രാലയം നല്‍കുന്ന സൂചന. എന്നാല്‍, വായ്പ ലഭ്യമാക്കുന്നതിന് കര്‍ശന മാനദണ്ഡങ്ങള്‍ കൊണ്ടുവരും. കാര്‍ഷികവായ്പ ദുരുപയോഗം ചെയ്യാതിരിക്കാനാണിത്. കൃഷിഭവനുകളുടെ സഹകരണത്തോടെ നബാര്‍ഡുമായി ചേര്‍ന്നാണ് നൂതന വായ്പാരീതി നടപ്പാക്കുക. കാര്‍ഷികവായ്പയ്ക്ക് അപേക്ഷിക്കുന്നവരുടെ പ്രവര്‍ത്തനം വിലയിരുത്തുകയാണ് ആദ്യപടി. അതിനായി കര്‍ഷകരുടെ ഡാറ്റാബാങ്കുണ്ടാക്കും.

നിലവില്‍ കിസാന്‍ ക്രെ!ഡിറ്റ് കാര്‍ഡ്, കാര്‍ഷിക സ്വര്‍ണവായ്പാപദ്ധതി എന്നിവയിലൂടെ കടമെടുത്തവരുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. ഇവരില്‍ എത്രപേര്‍ വായ്പ കൃഷിക്കായി ഉപയോഗിച്ചെന്ന് കണ്ടെത്തും. ഉപയോഗിക്കാത്തവരെ കരിമ്പട്ടികയില്‍പ്പെടുത്തും.
വായ്പയ്ക്കപേക്ഷിക്കുന്ന കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കും. കരിമ്പട്ടികയില്‍പ്പെട്ടവര്‍ക്ക് വായ്പ കിട്ടാത്ത രീതിയിലായിരിക്കും ആധാര്‍നമ്പര്‍ അക്കൗണ്ടില്‍ ചേര്‍ക്കുക. കാര്‍ഷികവായ്പകളിന്മേലുള്ള സബ്‌സിഡി ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ രീതിയിലാക്കും. പാചകവാതക സബ്‌സിഡി രീതിയില്‍ വായ്പാ ആനുകൂല്യം ബാങ്കിലൂടെയാക്കുമ്പോള്‍ വായ്പാത്തട്ടിപ്പ് ഇല്ലാതാക്കാമെന്നാണ് കേന്ദ്രത്തിന്റെ കണക്കാക്കല്‍.

നിലവില്‍ കാര്‍ഷികവായ്പയെടുത്തവരില്‍ ബഹുഭൂരിപക്ഷവും കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി പണമുപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അഞ്ചേക്കര്‍ വരെയുള്ളവര്‍ക്ക് നാലുശതമാനം പലിശനിരക്കില്‍ മൂന്നുലക്ഷംവരെ വായ്പ കിട്ടും. അല്ലാത്തവര്‍ക്ക് സ്വര്‍ണ ഈടിന്മേല്‍ നാലുശതമാനം പലിശയില്‍ മൂന്നുലക്ഷംവരെ കാര്‍ഷികവായ്പ കിട്ടുന്നുണ്ട്. മിക്കവരും വായ്പയെടുത്ത് ബാങ്കില്‍ ഒരുവര്‍ഷത്തേക്ക് സ്ഥിരനിക്ഷേപം നടത്തുകയാണ് പതിവ്. പദ്ധതിയെപ്പറ്റി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര ധനകാര്യമന്ത്രാലയം മൂന്നംഗ വിദഗ്ധസമിതിയെ നിയോഗിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.