ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരുന്ന കാര്യത്തില്‍ ഹിതപരിശോധന ഇന്ന്; അനുകൂലിക്കുന്നവരുടെയും പ്രതികൂലിക്കുന്നവരുടെയും വേറിട്ട സംവാദം വെംബല്‍ സ്റ്റേഡിയത്തില്‍

ലണ്ടന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണോ വേണ്ടയോ എന്ന കാര്യം സംബന്ധിച്ച് ഹിതപരിശോധന ഇന്ന് നടക്കും. രാവിലെ ഏഴിന് തുടങ്ങുന്ന പോളിംഗ് 10 മണിക്കാണ് അവസാനിക്കും. എല്ലാ വോട്ടര്‍മാര്‍ക്കും പോസ്റ്റല്‍ ബാലറ്റിന് അവകാശമുള്ള ബ്രിട്ടനില്‍ നല്ലൊരു ശതമാനവും ഇതിനകം വോട്ടവകാശം രേഖപ്പെടുത്തിക്കഴിഞ്ഞു. വെള്ളിയാഴ്ച രാവിലെയോടെ ഫലമറിയാം. അവസാനവട്ട അഭിപ്രായ സര്‍വേയില്‍ ബ്രിട്ടന്‍ യൂണിയനില്‍ തുടരണമെന്ന പക്ഷക്കാരാണ് ഭൂരിഭാഗവും. ഹിതപരിശോധനക്ക് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ പ്രചാരണത്തിന്റെ കലാശക്കൊട്ട് ലണ്ടനിലെ വെംബഌ സ്റ്റേഡിയത്തില്‍ അരങ്ങേറി.

ബ്രെക്‌സിറ്റ് സംബന്ധിച്ച ടെലിവിഷന്‍ സംവാദം അഭിപ്രായഭിന്നതയില്‍ കലാശിച്ചു. പ്രചാരണത്തിന്റെ അവസാനദിനമായിരുന്നു ലണ്ടനിലെ വെംബഌ സ്റ്റേഡിയത്തില്‍ ബി.ബി.സിയുടെ നേതൃത്വത്തില്‍ ബ്രെക്‌സിറ്റിനെ അനുകൂലിക്കുന്നവരുടെയും എതിര്‍ക്കുന്നവരുടെയും സംവാദം സംഘടിപ്പിച്ചത്. അനുകൂലിക്കുന്നവരുടെ ‘ലീവ്’ പാനല്‍ നയിച്ചത് ലണ്ടന്‍ മുന്‍ മേയര്‍ ബോറിസ് ജോണ്‍സണും എതിര്‍ക്കുന്നവരുടെ ‘റിമെയ്ന്‍’ പാനല്‍ നയിച്ചത് ലണ്ടന്‍ മേയര്‍ സാദിഖ് ഖാനുമായിരുന്നു. സംവാദത്തില്‍ കൂടുതലും ചര്‍ച്ചചെയ്യപ്പെട്ടത് കുടിയേറ്റം, ബ്രിട്ടന്റെ സാമ്പത്തികവ്യവസ്ഥ, പരമാധികാരം എന്നീ വിഷയങ്ങളായിരുന്നു. ബ്രിട്ടനില്‍ വ്യാഴാഴ്ച നടക്കുന്ന ഹിതപരിശോധന പൊതു തെരഞ്ഞെടുപ്പിനെക്കാള്‍ പ്രാധാന്യം നിറഞ്ഞതാണ്. കാരണം യൂറോപ്പുമായും മറ്റു രാജ്യങ്ങളുമായുള്ള ബ്രിട്ടന്റെ ബന്ധം എങ്ങനെയായിരിക്കണമെന്ന് നിര്‍ണയിക്കുക ഇന്ന് നടക്കുന്ന ഹിതപരിശോധനയാണ്.

© 2022 Live Kerala News. All Rights Reserved.