ആഗോള ഇഫ്താര്‍ സംഗമം നടത്താന്‍ ആര്‍എസ്എസ് തീരുമാനം; ലോകരാഷ്ട്രങ്ങളിലെ അംബാസഡര്‍മാരെത്തും; ചടങ്ങ് ജൂലൈ രണ്ടിന്

ന്യൂഡല്‍ഹി: ലോകരാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ ക്ഷണിച്ച് ആഗോള ഇഫ്താര്‍ സംഗമം നടത്താന്‍ ആര്‍എസ്എസ് തീരുമാനം. ആര്‍എസ്എസിന്റെ മുസ്ലീം ഘടകമായ മുസ്ലീം രാഷ്ട്രീയ മഞ്ചാണ് ജൂലൈ രണ്ടിന് ചടങ്ങ് സംഘടിപ്പിക്കാനൊരുങ്ങുന്നത്. ലോകരാഷ്ടട്രങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാരെത്തുമെന്നാണ് വിവരം. ദേശീയ തലത്തില്‍ ഇഫ്താര്‍ സംഘടിപ്പിക്കുന്നതിനോടൊപ്പം പ്രദേശിക തലങ്ങളിലും വിരുന്ന് സംഘടിപ്പിക്കാന്‍ നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാ സമുദായങ്ങളിലും ഉള്‍പ്പെട്ട ആള്‍ക്കാരെ ക്ഷണിച്ചുകൊണ്ടാവണം ഇഫ്താര്‍ വിരുന്നുകളെന്നും നിര്‍ദ്ദേശമുണ്ട്. കലാപ രഹിത രാജ്യമാണ് ആര്‍എസ്എസ് ലക്ഷ്യമിടുന്നതെന്നും സമാധനവും ഐക്യവും പ്രോത്സാഹിപ്പികകാനാവണം ഇത്തരത്തിലുള്ള സഹകരണ കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നതെന്നും മുസ്ലീം രാഷ്ട്രീയ മഞ്ച് വക്താവ് ഇന്ദ്രേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ആര്‍എസ്എസ് മുസ്ലീം വിരുദ്ധ സംഘടനയാണെന്ന വാദം തിരുത്തുന്നതിനു കൂടിയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതെന്നാണ് വിവരം.

© 2022 Live Kerala News. All Rights Reserved.