അമിര്‍ ഉള്‍ ഇസ്ലാമിനെ ഷോജി വധക്കേസിലും ചോദ്യം ചെയ്യും; ആറ് വര്‍ഷം മുന്‍പ് ഇയാള്‍ കേരളത്തിലെത്തി

കൊച്ചി: പെരുമ്പാവൂര്‍ നിയമ വിദ്യാര്‍ത്ഥിനി ജിഷ വധക്കേസിലെ പ്രതിയായ അസം സ്വദേശി അമിര്‍ ഉള്‍ ഇസ്ലാമിനെ മൂവാറ്റുപുഴ മാതിരപ്പള്ളി ഷോജി വധക്കേസില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. രണ്ടു കൊലപാതകങ്ങളിലെയും സമാനതകള്‍, കൊലനടന്ന സ്ഥലങ്ങളുടെ സാമിപ്യം, ആറ് വര്‍ഷം മുന്‍പ്് അമീര്‍ കേരളത്തിലെത്തിയതെന്ന് സൂചന നല്‍കുന്ന അമ്മ ഖദീജയുടെ മൊഴികള്‍ എന്നിവയാണ് ഈ കേസില്‍ അമീറിനെ ചോദ്യം ചെയ്യാനുള്ള കാരണം. ജിഷ കേസിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും അമീറിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുക. 2012 ഓഗസ്റ്റ് എട്ടിന് രാവിലെ 11നാണ് മാതിരപ്പള്ളി ആയുര്‍വേദ ആശുപത്രിക്ക് സമീപമുള്ള വീടിനുള്ളിലെ മുറിയില്‍ വിളയാല്‍ കണ്ണാടിപ്പാറ ഷാജിയുടെ ഭാര്യ ഷോജി(34)യെ കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.

വീടിനോടു ചേര്‍ന്നുള്ള മുറിയില്‍ ഔഷധശാല നടത്തുന്ന ഷോജി ഈ സമയത്ത് തനിച്ചായിരുന്നു. ഭര്‍ത്താവ് ഷാജി കോതമംഗലത്തെ വ്യാപാര സ്ഥാപനത്തിലും മക്കള്‍ സ്‌കൂളിലുമായിരുന്നു. വീടിന്റെ രണ്ടാം നിലയില്‍ ജോലി ചെയ്യുന്ന രണ്ടു നിര്‍മാണ തൊഴിലാളികള്‍ ചായ കുടിക്കാനായി പുറത്തുപോയ സമയത്താണ് കൊല നടന്നതെന്നാണ് കേസ് ഡയറിയിലുള്ളത്. ഇവര്‍ തിരിച്ചെത്തിയപ്പോള്‍ ഔഷധ ശാലയില്‍ രണ്ടു പേര്‍ കാത്തു നില്‍ക്കുന്നതു കണ്ടാണ് തൊഴിലാളികള്‍ ഷോജിയെ അന്വേഷിച്ചത്. വീടിന്റെ പിന്‍വശത്തെ മുറിയില്‍ തറയില്‍ വിരിച്ചിരുന്ന പുല്‍പായയില്‍ കഴുത്തറുത്തു രക്തം വാര്‍ന്നു മരിച്ചു കിടക്കുകയായിരുന്നു ഷോജി. ഷോജി കൊലചെയ്യപ്പെട്ട കാലത്ത് അമീറുള്ള എന്നു വിളിപ്പേരുള്ള ഇതര സംസ്ഥാന തൊഴിലാളി കോതമംഗലം പ്രദേശത്തുണ്ടായിരുന്നതായും പിന്നീട് ഇയാളെ കാണാതായതായും ക്രൈംബ്രാഞ്ചിനു വിവരം ലഭിച്ചിട്ടുണ്ട്. ജിഷയുടെയും ഷോജിയുടെയും കൊലപാതകങ്ങള്‍ നടന്ന സാഹചര്യങ്ങള്‍ തമ്മില്‍ സമാനതകളുണ്ട്. ജിഷയുടെ വീട്ടില്‍ നിന്ന് 16 കിലോമീറ്ററാണു ഷോജിയുടെ വീട്ടിലേക്കുള്ള ദൂരം.

© 2024 Live Kerala News. All Rights Reserved.