ദളിത് വിദ്യാര്‍ത്ഥിനിയെ ക്രൂരമായി റാഗ് ചെയ്ത സീനിയര്‍ പെണ്‍കുട്ടികള്‍ക്കെതിരെ കേസെടുത്തു; നാലുപേരും മലയാളികള്‍; കേരള പൊലീസ് കര്‍ണാടകയിലേക്ക് തിരിച്ചു

കോഴിക്കേട്: എടപ്പാള്‍ സ്വദേശിനിയായ ദളിത് വിദ്യാര്‍ത്ഥിനിയെ ക്രൂരമായി റാഗ് ചെയ്ത സീനിയര്‍ പെണ്‍കുട്ടികള്‍ക്കെതിരെ പൊലീസ് കേസെടുത്തു പ്രതികളായ കൊല്ലം സ്വദേശിനി ലക്ഷ്മി, ഇടുക്കി സ്വദേശിനികളായ  ആതിര, ശില്‍പ, കൃഷ്ണ എന്നീ വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തിരിക്കുന്നത്. എഫ്‌ഐആറുമായി കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് കര്‍ണാടകയിലേക്ക് തിരിച്ചു. അതേസമയം, റാഗിങ് ആത്മഹത്യാശ്രമമാക്കി മാറ്റാന്‍ ശ്രമിച്ചെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

വിവസ്ത്രയായി നൃത്തംചെയ്യാന്‍ വിസമ്മതിച്ചതിന്റെ പേരിലാണ് മുതിര്‍ന്ന വിദ്യാര്‍ഥിനികള്‍ ബലം പ്രയോഗിച്ച് ശുചിമുറി വൃത്തിയാക്കുന്ന ലായനി തന്നെ കുടിപ്പിച്ചതെന്ന് ക്രൂരമായ റാഗിങ്ങിന് വിധേയയായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ദളിത് വിദ്യാര്‍ഥിനി അശ്വതി പറഞ്ഞു. കര്‍ണാടക ഗുല്‍ബര്‍ഗയിലെ സ്വകാര്യ നഴ്‌സിങ് കോളജിലെ ഹോസ്റ്റലിലാണ് എടപ്പാള്‍ പുള്ളുവന്‍പടി കളരിക്കല്‍ പറമ്പില്‍ അശ്വതി(19) റാഗിങ്ങിന് ഇരയായത്.

ഒന്നാംവര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിനിയായ അശ്വതിയെ കോളജ് ഹോസ്റ്റലില്‍ സീനിയര്‍ വിദ്യാര്‍ഥിനികളായ എട്ടുപേര്‍ ചേര്‍ന്നു ശുചിമുറി വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ലായനി ബലമായി കുടിപ്പിക്കുകയായിരുന്നു. അതിക്രൂരമായ റാഗിങ്ങിന്റെ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. അവശനിലയിലായ അശ്വതിയെ ഏതാനും ദിവസം അവിടത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പൊലീസെത്തി മൊഴിയെടുക്കാന്‍ ശ്രമിച്ചെങ്കിലും സംസാരിക്കാന്‍ കഴിയാത്തതിനാല്‍ തിരിച്ചുപോയി. വീണ്ടും മൊഴിയെടുക്കാന്‍ എത്തുമെന്ന സൂചനയെത്തുടര്‍ന്നു മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ആശുപത്രി അധികൃതരുടെ അനുവാദമില്ലാതെ ഡിസ്ചാര്‍ജ് ചെയ്യിപ്പിക്കുകയായിരുന്നെന്നു അശ്വതി പറയുന്നു.

© 2024 Live Kerala News. All Rights Reserved.