ജയിലിലടച്ച ദളിത് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ഷംസീര്‍ എംഎല്‍എയ്ക്കും ദിവ്യയ്ക്കുമെതിരെ കേസ്; ഇവര്‍ക്കെതിരെ ആത്മഹത്യപ്രേരണകുറ്റത്തിനും അഞ്ജുനയ്‌ക്കെതിരെ ആത്മഹത്യ ശ്രമത്തിനുമാണ് കേസെടുത്തത്.

തലശ്ശേരി: ജയിലിലടച്ചതില്‍ മനംനൊന്ത് ദളിത് യുവതി ആത്മഹത്യക്ക് ശ്രമിച്ച കേസില്‍ എഎന്‍ ഷംസീര്‍ എംഎല്‍എയ്‌ക്കെതിരെയും പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്ക്കുമെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് പൊലീസ് കേസ്. ആത്മഹത്യാ ശ്രമത്തിന് ദളിത് യുവതി അഞ്ജുനയ്‌ക്കെതിരെയും പൊലീസ് കേസെടുത്തു. ആശുപത്രിയില്‍ ചെന്ന് രണ്ട് മണിക്കൂറിലേറെ നടത്തിയ ചോദ്യംചെയ്യലില്‍ അഞ്ജുന ദിവ്യയ്ക്കും ഷംസീറിനെതിരെയും മൊഴി നല്‍കിയിരുന്നു. ജാമ്യമില്ലാതെ ജയിലടച്ചതില്‍ മനംനൊന്ത് ദളിത് പെണ്‍കുട്ടികളിലൊരാള്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ എഎന്‍ ഷംസീര്‍ എംഎല്‍എയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയും വിവാദപരാമര്‍ശം നടത്തിയിരുന്നു. പെണ്‍കുട്ടികളുടെ അറസ്റ്റിന് ശേഷം ടെലിവിഷന്‍ ചര്‍ച്ചകളിലൂടെ എഎന്‍ ഷംസീര്‍ എംഎല്‍എയും പി പി ദിവ്യയും ഉള്‍പ്പെട്ട സിപിഐഎം നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളും സോഷ്യല്‍മീഡിയയിലുടെ നടത്തിയ അപവാദ പ്രചാരണവും ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. അറസ്റ്റിനേക്കാള്‍ തങ്ങളെ വേദനിപ്പിച്ചത് നേതാക്കളുടെയും അനുഭാവികളുടെയും വ്യാജ പ്രചാരണങ്ങളാണെന്നും ഇവര്‍ ആരോപിച്ചിരുന്നു. ഇരുവര്‍ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളും രംഗത്ത് വന്നിരുന്നു.

© 2024 Live Kerala News. All Rights Reserved.