യൂറോ കപ്പ് ഫുട്‌ബോളില്‍ വെയ്ല്‍സും ഇംഗ്ലണ്ടും പ്രീക്വാര്‍ട്ടറില്‍; റഷ്യ പുറത്ത്

സെയ്ന്റ് എറ്റിന: യൂറോ കപ്പ് ഫുട്‌ബോളില്‍ റഷ്യക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളിന്റെ ആധികാരിക ജയവുമായി വെയ്ല്‍സും സ്ലൊവാക്യക്കെതിരെ സമനില കൊണ്ട് തൃപ്തിപ്പെട്ട് ഇംഗ്ലണ്ടും പ്രീക്വാര്‍ട്ടറില്‍ കടന്നു. ഒരു ജയവും ഒരു സമനിലയും അക്കൗണ്ടിലുള്ള സ്ലൊവാക്യ മികച്ച മൂന്നാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറിലെത്താനുള്ള സാധ്യത കൂടുതലാണ്.

സെയ്ന്റ് എറ്റിനയില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ട് സ്ലൊവാക്യക്കെതിരെ (00) നിറം മങ്ങുന്ന കാഴ്ച്ചയാണ് കണ്ടത്. റൂണിയെയും സ്‌റ്റെര്‍ലിങ്ങിനെയും അലിയെയും ഹാരി കെയ്‌നിനെയും ബെഞ്ചിലിരുത്തിയാണ് റോയ് ഹോഡ്ജ്‌സണ്‍ ഇംഗ്ലണ്ടിനെ കളത്തിലിറക്കിയത്. സ്ലൊവാക്യക്കെതിരെ 27 തവണ ഇംഗ്ലണ്ട് ഗോളിലേക്കുള്ള ഷോട്ട് പായിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. കളി രണ്ടാം പകുതിയിലെത്തിയിട്ടും ഗോളടിക്കാത്തതിനെ തുടര്‍ന്ന് കെയ്‌നിനെയും റൂണിയെയും അലിയെയും ഹോഡ്ജ്‌സണ്‍ രംഗത്തിറക്കി. അതൊന്നും സ്ലൊവാക്യന്‍ പ്രതിരോധത്തെയും ഗോളിയെയും മറികടക്കാന്‍ കഴിയുന്നതായിരുന്നില്ല. ടുളൗസില്‍ നടന്ന മത്സരത്തില്‍ റഷ്യയെ ചിത്രത്തിലേ ഇല്ലാതാക്കി വെയ്ല്‍സ് യൂറോ കപ്പില്‍ തങ്ങളുടെ പ്രാധാന്യം അറിയിച്ചു (30). കഴിഞ്ഞ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് തോറ്റ വെയ്ല്‍സ് അല്ല കളത്തില്‍.

പതിനൊന്നാം മിനിറ്റില്‍ ആഴ്‌സണല്‍ മിഡ്ഫീല്‍ഡര്‍ ആരോണ്‍ റംസി വെയ്ല്‍സിനെ മുന്നിലെത്തിച്ചു. ജോ അലെന്‍ നല്‍കിയ മനോഹരമായ പാസ്സ് അഡ്വാന്‍സ് ചെയ്ത് നിന്നിരുന്ന ഗോളിയെ മറികടന്ന് റംസി വലയിലേക്ക് ചിപ്പ് ചെയ്യുകയായിരുന്നു. ഒമ്പത് മിനിറ്റുകള്‍ക്ക് ശേഷം നീല്‍ ജോണ്‍ ടെയ്‌ലര്‍ വെയ്ല്‍സിന്റെ ലീഡ് വര്‍ധിപ്പിച്ചു. ബെയ്ല്‍ നല്‍കിയ പാസ്സില്‍ നിന്നായിരുന്നു പാതി ഇന്ത്യനായ ടെയ്‌ലറിന്റെ ആദ്യ ഇന്റര്‍നാഷണല്‍ ഗോള്‍. 67ാം മിനിറ്റില്‍ ആരാധകര്‍ കാത്തിരുന്ന നിമിഷമെത്തി. ആരോണ്‍ റംസിയുടെ പാസ്സിലേക്ക് ഓടിയെത്തിയ ബെയ്ല്‍ ഡിഫന്‍ഡേഴ്‌സ് പിടികൂടും മുമ്പെ പന്ത് വലയിലെത്തിച്ചു. ഇതോട മൂന്ന് ഗോളുമായി യൂറോയിലെ ലീഡിങ് സ്‌കോററായി ബെയ്ല്‍.

© 2022 Live Kerala News. All Rights Reserved.