കര്‍ണ്ണാടകയില്‍ മലയാളി ദളിത് പെണ്‍കുട്ടിക്ക് ക്രൂരമായ റാഗിംഗ് പീഡനം; ടോയ്‌ലറ്റ് ക്ലീനര്‍ കുടുപ്പിച്ചതിനെതുടര്‍ന്ന് അന്നനാളം വെന്തുരുകി; ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി ആശുപത്രിയില്‍

കോഴിക്കോട്: എടപ്പാള്‍ സ്വദേശിയായ ദളിത് പെണ്‍കുട്ടിയാണ് കര്‍ണ്ണാടകയിലെ നഴ്‌സിങ് കോളജില്‍ ക്രൂരമായ റാഗിങ്ങിന് ഇരയായത്. എടപ്പാള്‍ പുള്ളുവന്‍പടിയിലെ കളരിക്കല്‍ പറമ്പില്‍ ജാനകിയുടെ മകള്‍ അശ്വതി (19) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നത്. കര്‍ണാടക ഗുല്‍ബര്‍ഗയിലെ സ്വകാര്യ നഴ്‌സിങ് കോളജ് വിദ്യാര്‍ഥിനിയായ അശ്വതിയെ ഹോസ്റ്റലില്‍ വെച്ച് വിദ്യാര്‍ഥികള്‍ റാഗിങിന് വിധേയമാക്കുകയായിരുന്നു. വിദ്യാര്‍ഥിനിയെ ബലംപ്രയോഗിച്ച് ടോയ്‌ലറ്റ് ക്ലീനര്‍ കുടുപ്പിച്ചതിനെ അന്നനാളം വെന്തുരുകി പെണ്‍കുട്ടി ഗുരുതരാവസ്ഥയിലാണ്. മെയ് ഒമ്പതിന് സംഭവം നടന്നശേഷം ഇന്നുവരെ വെള്ളംപോലും കുടിക്കാനാവാത്ത അവസ്ഥയിലാണ് പെണ്‍കുട്ടി. ദ്രവരൂപത്തിലുള്ള ഭക്ഷണം ട്യൂബ് വഴി നല്‍കിയാണ് അശ്വതിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. കരച്ചില്‍കേട്ട് ഓടിയെത്തിയ ഹോസ്റ്റലിലെ മറ്റു വിദ്യാര്‍ഥിനികള്‍ അശ്വതിയെ ഗുല്‍ബര്‍ഗയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നാലു ദിവസം ഐ.സി.യുവിലായിരുന്നു അശ്വതി. തുടര്‍ന്ന് മറ്റൊരു കുട്ടിക്കൊപ്പം അശ്വതിയെ കോളജ് അധികൃതര്‍ നാട്ടിലേക്ക് അയക്കുകയായിരുന്നു. നാട്ടിലെത്തിയശേഷം എടപ്പാള്‍, തൃശ്ശൂര്‍ ആശുപത്രികളില്‍ ചികിത്സതേടിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു കൊണ്ടുവന്നത്. അന്നനാളത്തിന് ഗുരുതരമായി പ്രശ്‌നം സംഭവിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുറ്റക്കാരായ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ക്കെതിരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കര്‍ണാടകയിലെ ആശുപത്രിയില്‍ കഴിയുന്ന സമയത്ത് കര്‍ണാടക പോലീസ് അശ്വതിയുടെ മൊഴിയെടുക്കാന്‍ എത്തിയിരുന്നെങ്കിലും സംസാരിക്കാന്‍ കഴിയാത്തത് മൂലം അതു നടന്നിരുന്നില്ല.
പെണ്‍കുട്ടിയുടെ നില ഗുരുതരമായിത്തന്നെയാണ് തുടരുന്നത്.

© 2024 Live Kerala News. All Rights Reserved.