അമിര്‍ ഉള്‍ ഇസ്ലാമിനെ അയല്‍വാസിയായ വീട്ടമ്മ തിരിച്ചറിഞ്ഞു; തിരിച്ചറിയല്‍ പരേഡിന് അണിനിരത്തിയത് പത്തോളം ഇതരസംസ്ഥാന തൊഴിലാളികളെ; പ്രതിയെ നാളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും

കൊച്ചി: പെരുമ്പാവൂര്‍ ദളിത് പെണ്‍കുട്ടി ജിഷയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ അസംസ്വദേശിയായ അമിര്‍ ഉള്‍ ഇസ്ലാമിനെ തിരിച്ചറിയല്‍ പരേഡില്‍ അയല്‍വാസി തിരിച്ചറിഞ്ഞു. കാക്കനാട് ജില്ലാ ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡിലാണ് പ്രതിയെ വീട്ടമ്മ തിരിച്ചറിഞ്ഞത്. മജിസ്‌ട്രേട്ട് ഷിബു ഡാനിയേലിന്റെ സാന്നിധ്യത്തിലായിരുന്നു തിരിച്ചറിയല്‍ പരേഡ്. അമീറുല്‍ ഇസ്‌ലാമിനൊപ്പം രൂപസാദൃശ്യമുള്ള പത്തോളം പേരെ പരേഡില്‍ അണിനിരത്തി. സംഭവദിവസം ജിഷയുടെ വീട്ടില്‍ ഒരാള്‍ പോകുന്നത് കണ്ട സ്ത്രീയെയാണ് പരേഡിന് കൊണ്ടുവന്നത്. ആറു പ്രധാന സാക്ഷികളാണ് കേസിലുള്ളത്. എത്രയും വേഗം തിരിച്ചറിയല്‍ പരേഡ് നടത്താന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ശനിയാഴ്ച നിര്‍ദേശം നല്‍കിയിരുന്നു. കാക്കനാട് ജില്ലാ ജയിലിനു സമീപം പ്രവര്‍ത്തിക്കുന്ന കുന്നുംപുറം മജിസ്‌ട്രേട്ട് കോടതിക്കാണ് നിര്‍ദേശം നല്‍കിയത്. മധ്യമേഖലാ ജയില്‍ ഡിഐജി കെ. രാധാകൃഷ്ണന്‍ ശനിയാഴ്ച രാത്രി ജയിലിലെത്തി സുരക്ഷ വിലയിരുത്തിയിരുന്നു. അമിര്‍ പതിവ് പോലെ അക്ഷോഭ്യനായാണ് എത്തിയതെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ചിത്രം കടപ്പാട്: മലയാള മനോരമ

© 2024 Live Kerala News. All Rights Reserved.