ജിഷ വധക്കേസിലെ പ്രതി പിടിയിലായതോടെ പുതുജീവന്‍ കിട്ടിയത് സാബുവിന്; കസ്റ്റിഡിയില്‍ ക്രൂരമര്‍ദനത്തിന് ഇരയായി; മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടു

പെരുമ്പാവൂര്‍: കേരളത്തെ ഞെട്ടിച്ച ജിഷ വധക്കേസിലെ പ്രതി അമിര്‍ ഉള്‍ ഇസ്ലാം പിടിയിലായതോടെ പുതുജീവന്‍ കിട്ടിയത് ജിഷയുടെ അയല്‍വാസിയായ സാബുവിനാണ്. ജിഷ വധവുമായി ബന്ധപ്പെട്ട് പല്ലിന് വിടവുകള്‍ ഉള്ള സാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെ ഇയാളാണ് കൊലയാളിയെന്ന തരത്തില്‍ നാട്ടില്‍ വാര്‍ത്തകള്‍ പരന്നിരുന്നു. ജിഷ കൊല്ലപ്പെട്ട് രണ്ടു ദിവസം കഴിഞ്ഞ് ഒരു ദിവസം രാവിലെ അറസ്റ്റ് ചെയ്ത് തന്നെ ഉടന്‍ തന്നെ തല മൂടി എവിടെയോ എത്തിച്ചുവെന്നും അവിടെ വച്ച് ക്രൂരമായി മര്‍ദിച്ചുവെന്നും സാബു വെളിപ്പെടുത്തി. മര്‍ദനം സഹിക്ക വയ്യാതെ ഒടുവില്‍ കുറ്റം ഏല്‍ക്കുന്ന സ്ഥിതി വരെയെത്തിയെന്നും സാബു പറഞ്ഞു. സാബുവിന്റെ മൊബൈല്‍ ഫോണ്‍ ഇപ്പോഴും പൊലീസ് വിട്ട് നല്‍കിയിട്ടില്ല. ഇക്കാലമത്രയും മാനസികമായും ശാരീരികമായും താന്‍ ഏറെ പീഡിപ്പിക്കപ്പെട്ടുവെന്നും പൊതുസമൂഹം തന്നെ കൊലയാളിയായാണ് കണ്ടതെന്നും സാബു പറഞ്ഞു. മാനസികമായ ആഘാതത്തില്‍ നിന്ന് താന്‍ഇപ്പോഴും മുക്തനായിട്ടില്ല. ജിഷ വധക്കേസില്‍ പൊലീസിന് ഒരു ഡമ്മിയെയാണ് വേണ്ടിയിരുന്നതെങ്കില്‍ താന്‍ എന്നേ പ്രതിയാക്കപ്പെടുമായിരുന്നെന്ന് സാബു പറയുന്നു.

© 2022 Live Kerala News. All Rights Reserved.