പാത്രിയാര്‍ക്കീസ് ബാവയ്ക്ക് നേരെ ജന്‍മനാട്ടില്‍ ചാവേറാക്രമണം; മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു; ആക്രമണം നടന്നത് പ്രാര്‍ത്ഥനാ ചടങ്ങിനിടെ

ദമാസ്‌കസ്: സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാതലവന്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവയ്ക്ക് നേരെ ജന്‍മനാട്ടില്‍ ചാവേറാക്രമണം. ആക്രമണത്തില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു.ബാവ ചാവേര്‍ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ചു രക്ഷപ്പെട്ടു. കേരളത്തിലെ യാക്കോബായ സഭ ഉള്‍പ്പെടെയുള്ള സുറിയാനി സഭകളുടെ പരമാധ്യക്ഷനാണ് പാത്രിയാര്‍ക്കീസ് ബാവ.

പാത്രിയാര്‍ക്കീസ് ബാവയുടെ ജന്‍മനാടായ ഖാമിഷ്‌ലി ജില്ലയിലെ ഖാതിയില്‍ 1915 ലെ സെയ്‌ഫോ കൂട്ടക്കൊലയില്‍ മരിച്ചവരെ അനുസ്മരിക്കാന്‍ ചേര്‍ന്ന പ്രാര്‍ത്ഥനാ ചടങ്ങിനിടെയാണ് ആക്രമണം. കൊല്ലപ്പെട്ടവരുടെ സ്മാരകം ഉദ്ഘാടനം ചെയ്തശേഷം പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കുകയായിരുന്നു പാത്രിയീര്‍ക്കീസ് ബാവ. ശരീരത്തില്‍ ബോംബുഘടിപ്പിച്ചെത്തിയ ചാവേറാണ് പാത്രിയാര്‍ക്കീസ് ബാവയെ വധിക്കാന്‍ ശ്രമിച്ചത്. ബാവയുടെ സുരക്ഷക്കായുള്ള സുതുറോ എന്ന പ്രത്യേക സംരക്ഷണ സേന ചെറുത്തു നിന്നതുകൊണ്ടാണ് ചാവേറിന് അദ്ദേഹത്തിന്റെ അടുത്തെത്താന്‍ കഴിയാതിരുന്നത്. ലക്ഷ്യത്തിലെത്തും മുന്‍പു തന്നെ ചാവേര്‍ പൊട്ടിത്തെറിച്ചു മരിച്ചു.

© 2024 Live Kerala News. All Rights Reserved.