തലശ്ശേരിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത ദളിത് പെണ്‍കുട്ടികളില്‍ ഒരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; സിപിഎമ്മിന്റെ അപവാദ പ്രചാരണങ്ങളെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് പിതാവ്

തലശ്ശേരി: സിപിഎം ബ്രാഞ്ച് കമ്മറ്റി ഓഫീസില്‍ അതിക്രമിച്ച് കയറി പ്രവര്‍ത്തകരെ ആക്രമിച്ചെന്ന കേസില്‍ ജാമ്യമില്ലാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ഇന്നലെ ജാമ്യത്തില്‍ ഇറങ്ങിയ ദളിത് പെണ്‍കുട്ടികളില്‍ ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ചു. തലശ്ശേരി കുട്ടിമാക്കൂല്‍ കൂനിയില്‍ അഞ്ജന (25)യാണ് ആത്മഹത്യാശ്രമം നടത്തിയത്. അവശനിലയില്‍ കണ്ടെത്തിയ ഇവരെ വീട്ടുകാര്‍ തലശ്ശേരിയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തിന് പിന്നാലെ നടന്ന ചാനല്‍ചര്‍ച്ചയിലും മറ്റും പാര്‍ട്ടി പ്രവര്‍ത്തകര്‍ അപമാനിക്കുന്നു എന്നാരോപിച്ചാണ് യുവതി ആത്മഹത്യാശ്രമം നടത്തിയതെന്ന് പിതാവ്.
എന്തൊക്കെയോ ചില ഗുളികകള്‍ കഴിച്ചായിരുന്നു ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അവശ നിലയിലായ പെണ്‍കുട്ടികളെ വീട്ടുകാര്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഐസിയുവില്‍ പ്രവേശിച്ച അഞ്ജനയ്്്ക്ക് പ്രാഥമിക ചികിത്സ നല്‍കി. 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നിരുന്നാലും ഇന്ന് ഡോക്ടര്‍മാരുടെ പരിശോധനയ്ക്ക് ശേഷം വാര്‍ഡിലേക്ക് മാറ്റും. ദളിത് യുവതികളായ അഞ്ജനയേയും സഹോദരി 30 കാരി അഖിലയേയും നേരത്തേ സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചെന്ന കേസില്‍ ജയിലില്‍ അടച്ചിരുന്നു. പിഞ്ചു കുഞ്ഞിനൊപ്പം ജയിലില്‍ പാര്‍പ്പിച്ചെന്ന കേസ് വിവാദമായതിന് പിന്നാലെ ഇന്നലെ ഇരുവര്‍ക്കും തലശ്ശേരി കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചത് പാര്‍ട്ടി ഓഫീസില്‍ ചെന്ന് തങ്ങള്‍ ചോദ്യം ചെയ്തിരുന്നു എന്നും ഇതേ തുടര്‍ന്ന് പാര്‍ട്ടി സ്വാധീനം ഉപയോഗിച്ച് ഇവരെ മൊഴിയെടുക്കാനെന്ന് പറഞ്ഞ് വിളിച്ച് ജയിലില്‍ പാര്‍പ്പിച്ചെന്നുമായിരുന്നു ഇവര്‍ ആരോപിച്ചിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.