ദളിത് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത സംഭവത്തെ കുറിച്ച് അറിയില്ല; വിഷയത്തെക്കുറിച്ച് മനസിലാക്കിയതിനു ശേഷം പ്രതികരിക്കാം; വനിതാ കമ്മീഷന്‍ എത്തിയത് ബിജെപി സംഘമെന്ന നിലയിലാണെന്നും പിണറായി വിജയന്‍

തിരുവനന്തപുരം: കുട്ടിമാക്കൂലില്‍ സിപിഎം പ്രവര്‍ത്തകനെ മര്‍ദ്ദിച്ച കേസില്‍ ദലിത് പെണ്‍കുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തെ കുറിച്ച് അറിയില്ലെന്ന് മുഖ്യമ്രന്തി പിണറായി വിജയന്‍. സംഭവത്തെ കുറിച്ച് മനസിലാക്കിയതിനു ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
വനിതാ കമ്മീഷന്‍ പ്രശ്‌നത്തില്‍ ഇടപെട്ടതും സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ എത്തിയതും ബിജെപി സംഘമെന്ന നിലയിലാണ്. വനിതാ കമ്മീഷന്‍ അങ്ങനെയല്ലാ പ്രശ്‌നങ്ങളില്‍ ഇടപെടേണ്ടതെന്നും അദ്ദേഹം ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

കേരളത്തിന് എയിംസ് വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നാല് സ്ഥലങ്ങള്‍ ഇതിനായി നിര്‍ദേശിച്ചിട്ടുണ്ട് എന്നും പിണറായി മാധ്യമങ്ങളോട് പറഞ്ഞു. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്തണം എന്ന തമിഴ്‌നാടിന്റെ ആവശ്യം അംഗീകരിക്കില്ല എന്നും പിണറായി വിജയന്‍ പറഞ്ഞു. ദേശീയ പാതവികസന വികസനം 45 മീറ്റര്‍ ആക്കുന്നത് കേന്ദ്രം സ്വാഗതം ചെയ്തുവെന്നും 60 ശതമാനം ഭൂമി ഏറ്റെടുത്താല്‍ ടെണ്ടറിന് അനുമതി ലഭിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. ജിഎസ്ടി ബില്ലിനോട് കേരളത്തിന് യോജിപ്പാണ് ഉളളതെന്നും പൊതു പ്രവര്‍ത്തകര്‍ക്ക് പ്രായം തടസ്സമല്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.