ആ ഗാനം വീണ്ടും ഊട്ടിയില്‍ നിന്നും പ്ലെ ചെയ്യും; ‘താളവട്ട’ത്തിലെ ‘പൊന്‍വീണേ..’ എന്ന് തുടങ്ങുന്ന ഗാനം ‘ഒപ്പ’ത്തിന് വേണ്ടി പുനരാവിഷ്‌കരിക്കുന്നു

കൊച്ചി: മലയാള സിനിമയ്ക്ക് ഒരുപാട് നല്ല സിനിമകള്‍ സമ്മാനിച്ചതാണ് മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ട്. തീയേറ്ററുകളില്‍ നിറഞ്ഞോടിയ ഇവരുടെ മിക്ക സിനിമയുടെ ലൊക്കേഷനും ഊട്ടിയിലാണ്. 22 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീം ഒപ്പത്തിനു വേണ്ടി വീണ്ടും ഊട്ടിയിലെത്തുകയാണ്. പുതിയ ചിത്രത്തില്‍ തങ്ങളുടെ പഴയകാല സിനിമകളെ ഓര്‍മ്മിപ്പിക്കുന്ന ഒരു ഊട്ടി രംഗം വേണമെന്ന് മോഹന്‍ലാല്‍ ആവശ്യപ്പെടുകയായിരുന്നെന്ന് പ്രിയദര്‍ശന്‍ പറയുന്നു. ‘താളവട്ട’ത്തിലെ ‘പൊന്‍വീണേ..’ എന്ന് തുടങ്ങുന്ന ഗാനം ‘ഒപ്പ’ത്തിന് വേണ്ടി പുനരാവിഷ്‌കരിക്കുകയാണ് പ്രിയനും ലാലും.

പ്രിയദര്‍ശന്‍ പറയുന്നു..

22 വര്‍ഷം മുന്‍പാണ് ഞങ്ങള്‍ ഇതിന് മുന്‍പ് ഊട്ടിയില്‍ ഒരു സിനിമ ഷൂട്ട് ചെയ്തത്. 1994ല്‍ പുറത്തിറങ്ങിയ ‘മിന്നാര’ത്തിന് വേണ്ടിയായിരുന്നു അത്. ‘കിലുക്കം’, ‘ചിത്രം’, ‘മിഥുനം’ എന്നിവയ്‌ക്കൊക്കെ വേണ്ടി ഞങ്ങള്‍ ഊട്ടിയിലെത്തിയിട്ടുണ്ട്. ഇവിടെ ചിത്രീകരിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റുകളുമായിരുന്നു. ‘ഒപ്പ’ത്തിന് വേണ്ടി ഊട്ടിയില്‍ ഒരു ദൃശ്യം ചിത്രീകരിക്കണമെന്ന് ലാല്‍ പറയുകയായിരുന്നു. ഊട്ടിയില്‍ ഞങ്ങള്‍ ആദ്യ ഷോട്ടെടുത്ത സ്ഥലത്തേക്ക് ലാല്‍ എന്നെ കൊണ്ടുപോയി. ‘താളവട്ട’ത്തിലെ ‘പൊന്‍വീണേ..’ എന്ന പാട്ട് ചിത്രീകരിച്ച ലൊക്കേഷനായിരുന്നു അത്. 30 വര്‍ഷം മുന്‍പ്. അതേ ലൊക്കേഷനില്‍ ഞങ്ങളൊരു ഫ്രെയിം വച്ചു, അതേ ലെന്‍സ് ഉപയോഗിച്ച്. ഇക്കാലയളവ് കൊണ്ട് ഞങ്ങളെല്ലാം ആകെ മാറിയിട്ടുണ്ട്. പക്ഷേ ആ മരങ്ങളും താഴ്‌വാരവുമൊക്കെ അങ്ങനെതന്നെയുണ്ട്. ഇത് ഊട്ടി എന്ന സ്ഥലത്തോടുള്ള നമ്മുടെ ആദരവാകട്ടെ എന്നാണ് ലാല്‍ പറഞ്ഞത്..

 

© 2022 Live Kerala News. All Rights Reserved.