തലശ്ശേരിയില്‍ രണ്ട് ദളിത് പെണ്‍കുട്ടികളെ ജയിലിലടച്ച സംഭവത്തില്‍ സിപിഎം പ്രതിരോധത്തില്‍; ജാമ്യമില്ലാ വകുപ്പ് പ്രകാരം ജയിലിലടച്ച നടപടിയില്‍ വ്യാപക പ്രതിഷേധം

കണ്ണൂര്‍: സിപിഎം ഓഫീസില്‍ കയറി പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിച്ചുവെന്നാരോപിച്ച് തലശ്ശേരിയില്‍ രണ്ട് ദളിത് പെണ്‍കുട്ടികളെ ജയിലിലടച്ച സംഭവം വിവാദമാകുന്നു. സ്ത്രീകള്‍ക്കും ദളിതര്‍ക്കും സംരക്ഷണം വാഗ്ദാനം ചെയ്യുന്ന മുഖ്യമന്ത്രി ദളിത് പെണ്‍കുട്ടികളെ കൈകുഞ്ഞുമായി ജയിലിലേക്കയച്ച നടപടി വ്യാപക പ്രതിഷേധത്തിനിടയാക്കി. പെണ്‍കുട്ടികളെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലിലടച്ച നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് ദളിത് ആക്ടീവിസ്റ്റുകള്‍ ആരോപിച്ചു.

തലശ്ശേരി കുട്ടിമാക്കൂലില്‍ സിപിഎം ഓഫീസില്‍ കയറി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചുവെന്ന കേസില്‍ കുട്ടിമാക്കൂല്‍ കുനിയില്‍ ഹൗസില്‍ അഖില (30), അഞ്ജന (25) എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചത്. അഖില ഒന്നര വയസ്സുള്ള കൈകുഞ്ഞിനൊപ്പമാണ് ജയിലിലായത്. ജാതിപ്പേര് വിളിച്ച് നിരന്തരം അധിക്ഷേപിച്ചതിനെ തുടര്‍ന്ന് സഹികെട്ടിട്ടാണ് പാര്‍ട്ടി ഓഫീസില്‍ കയറി ചോദ്യം ചെയ്തതെന്നും പെണ്‍കുട്ടികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ദളിത് പെണ്‍കുട്ടികളെ രാഷ്ട്രീയ വിരോധം വെച്ച് ജയിലിലടച്ച നടപടി കാട്ടുനീതിയാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പറഞ്ഞു.അതേസമയം, അറസ്റ്റിനെ തലശ്ശേരി എംഎല്‍എ എഎന്‍ ഷംസീര്‍ ന്യായീകരിച്ചു.

© 2024 Live Kerala News. All Rights Reserved.