അമിര്‍ ഉള്‍ ഇസ്ലാം കാക്കനാട്ട് ജില്ലാ ജയിലില്‍; നിയമസഹായം വേണമെന്ന പ്രതിയുടെ ആവശ്യം കോടതി അംഗീകരിച്ചു

പെരുമ്പാവൂര്‍: പതിനാല് ദിവസത്തേക്ക് റിമാന്‍ഡിലായ ജിഷ കൊലക്കേസിലെ പ്രതി അമിര്‍ ഉള്‍ ഇസ്ലാം കാക്കനാട്ട് ജില്ലാ ജയിലില്‍. തനിക്ക് നിയമ സഹായം വേണമെന്ന് മജിസ്ട്രേറ്റിനു മുന്നില്‍ പ്രതി ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് അഭിഭാഷകനായി പി രാജനെ കോടതി ഏര്‍പ്പെടുത്തി.
പൊലീസ് വാഹനത്തില്‍ കിടത്തിയാണ് പ്രതിയെ പെരുമ്പാവൂര്‍ കോടതിയില്‍ നിന്നും തിരികെ കൊണ്ടു പോയത്. കടുത്ത ജനരോക്ഷത്തെ തുടര്‍ന്നായിരുന്നു പൊലീസിന്റെ ഭാഗത്തു നിന്നും ഇത്തരമൊരു നീക്കം. പ്രതിയെ മാധ്യമങ്ങള്‍ക്കു മുമ്പിലെത്തിച്ചാല്‍ കേസിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടുമെന്നും പിന്നീട് കേസ് മറ്റൊരു തലത്തിലേക്ക് നീങ്ങുമെന്നുമുള്ള ആശങ്കയിലായിരുന്നു ഇത്തരമൊരു നീക്കം. പൊലീസ് മര്‍ദ്ദിച്ചിട്ടുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഇല്ല എന്നാണ് പ്രതി മറുപടി നല്‍കിയത്. അതേസമയം പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നാളെ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. ഹെല്‍മറ്റും റെയിന്‍കോട്ടും ധരിപ്പിച്ച് മാധ്യമങ്ങള്‍ക്കു പോലും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സാധിക്കാത്ത രീതിയില്‍ പൊലീസിന്റെ കനത്ത സുരക്ഷ വലയത്തിനുള്ളിലാണ് പ്രതിയെ കോടതിയെ ഹാജരാക്കിയത്. വന്‍ജനക്കൂട്ടമാണ് കോടതി പരിസരത്തെത്തിയത്.

© 2022 Live Kerala News. All Rights Reserved.