ലോകത്തിലെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍; വിവാദമായ ഫ്രീഡം 251 വിപണിയില്‍; ജൂണ്‍ 28 മുതല്‍ ലഭ്യമാകുമെന്ന് നിര്‍മാതാക്കള്‍

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ എന്ന പദവിയിലുള്ള ഫ്രീഡം 251 സ്മാര്‍ട്ട്‌ഫോണ്‍ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ജൂണ്‍ 28 മുതല്‍ ലഭ്യമാകുമെന്ന് നിര്‍മാതാക്കളായ റിംഗിങ് ബെല്‍സ് അറിയിച്ചു.നേരത്തേ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പണം നല്‍കി ഫോണ്‍ കൈപ്പറ്റാമെന്നും കമ്പനി ഡയറക്ടര്‍ മോഹിത് ഗോയലാണ് അറിയിച്ചത്. 251 രൂപയ്ക്ക് സ്മാര്‍ട്ട്‌ഫോണ്‍ എന്ന വാഗ്ദാനം വിവാദമായതിനെ തുടര്‍ന്ന് ഓണ്‍ലൈനില്‍ പണമടച്ചവര്‍ക്ക് പണം തിരികെ നല്‍കി റിംഗിങ് ബെല്‍സ് ക്യാഷ്ഓണ്‍ ഡെലിവറി സംവിധാനം ഒരുക്കുകയായിരുന്നു.

30,000 പേര്‍ പണമടച്ച് ഫോണിന് ബുക്ക് ചെയ്തതായി റിംഗിങ് ബെല്‍സ് അവകാശപ്പെടുന്നു. ഉപഭോക്താക്കളുടെ തള്ളിക്കയറ്റം കാരണം കമ്പനിയുടെ സൈറ്റ് തകരുകയും ചെയ്തിരുന്നു. എന്നാല്‍ 251 രൂപയ്ക്ക് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മിക്കുക അസാധ്യമാണെന്നും കമ്പനി തട്ടിപ്പാണെന്നുമുള്ള വാദമുയര്‍ന്നതോടെ റിംഗിങ് ബെല്‍സ് പ്രതിരോധത്തിലായി. മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമാണ് ഫ്രീഡം 251 എന്ന വാദവുമായെത്തിയ സ്മാര്‍ട്ട്‌ഫോണിനെതിരെ കേന്ദ്ര സര്‍ക്കാരും സംശയമുയര്‍ത്തിയതോടെ പണമടച്ചവര്‍ക്ക് പണം തിരികെ നല്‍കി റിംഗിങ് ബെല്‍സ് തടിയൂരി. പിന്നീട് ഫോണ്‍ കൈപ്പറ്റുമ്പോള്‍ പണം നല്‍കാവുന്ന തരത്തില്‍ രജിസ്‌ട്രേഷന്‍ ലഭ്യമാക്കി കമ്പനി വീണ്ടും രംഗത്തെത്തുകയായിരുന്നു. ഇതുവരെ ഏഴു കോടിയിലേറെ ബുക്കിങ് ലഭിച്ചിട്ടുണ്ടെന്നാണ് റിംഗിങ് ബെല്‍സ് പറയുന്നത്.

© 2022 Live Kerala News. All Rights Reserved.