ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ 11 പേര്‍ക്ക് ജീവപര്യന്തം; ഒരാള്‍ക്ക് പത്ത് വര്‍ഷവും 12 പേര്‍ക്ക് ഏഴ് വര്‍ഷവും തടവ് ശിക്ഷ; ഗുജറാത്തിലെ രണ്ടാമത്തെ വലിയ കൂട്ടക്കുരുതി

അഹമ്മദാബാദ് : ഗുജറാത്തിലെ ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയവരില്‍ 11 പേര്‍ക്ക് ജീവപര്യന്തം. 12 പേര്‍ക്ക് ഏഴുവര്‍ഷവും ഒരാള്‍ക്ക് 10 വര്‍ഷവും തടവ് ശിക്ഷ വിധിച്ചു. അഹമ്മദാബാദ് പ്രത്യേക കോടതിയുടേതാണ് വിധി. സംഭവത്തില്‍ 24 പ്രതികള്‍ കുറ്റക്കാരാണെന്നു പ്രത്യേക കോടതി കഴിഞ്ഞ രണ്ടിനാണ് വിധിച്ചത്. കൈലാഷ് ഡോബി, യോഗേന്ദ്രസിങ് ഷെഖാവത്, കൃഷ്ണകുമാര്‍ കലാല്‍, ദിലീപ് കാലു, ജയേഷ് പാര്‍മര്‍, രാജു തിവാരി, നരേന്‍ ടങ്, ലക്ഷണ്‍സിങ് ചുഡാസമ, ദിനേഷ് ശര്‍മ, ഭാരത് ബലോദിയ, ഭരത് രാജ്പുത് എന്നിവര്‍ക്കെതിരെയാണു കൊലക്കുറ്റം ചുമത്തിയത്. കേസില്‍ പ്രതിചേര്‍ത്ത 66 പേരില്‍ 24 പേരൊഴികെയുള്ളവരെ സ്‌പെഷല്‍ കോടതി ജഡ്ജി പി.ബി.ദേശായി വിട്ടയച്ചിരുന്നു. 2002ലെ കലാപത്തില്‍ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ നടന്ന അക്രമത്തില്‍ 69 പേരാണു കൊല്ലപ്പെട്ടത്. 31 പേരെ കാണാതായി. കോണ്‍ഗ്രസ് എംപിയായിരുന്ന എഹ്‌സാന്‍ ജാഫ്രി ഈ അക്രമത്തിനിടെയാണു ക്രൂരമായി കൊലചെയ്യപ്പെട്ടത്. സുപ്രീംകോടതിയുടെ നിര്‍ദേശാനുസരണം പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. ടീസ്റ്റ സെറ്റല്‍വാദ് നേതൃത്വം നല്‍കുന്ന സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് ആണ് ഈ ആവശ്യമുന്നയിച്ചു സുപ്രീം കോടതിയിലെത്തിയത്. കലാപത്തിന്റെ ഇരകളായ 570 സാക്ഷികളെയാണു കോടതിയിലെത്തിച്ചത്. ഗുജറാത്ത് കലാപത്തിലെ രണ്ടാമത്തെ വലിയ കൂട്ടക്കൊലയായിരുന്നു ഗുല്‍ബര്‍ഗില്‍ നടന്നത്. ഏറ്റവും വലിയ മനുഷ്യക്കുരുതി നരോദ പാട്യയിലായിരുന്നു നടന്നത്. 126 പേരെയാണ് ഇവിടെ സംഘ്പരിവാര്‍ ആക്രമികള്‍ കൊലപ്പെടുത്തിയത്. ഈ കേസില്‍ 2012 ഓഗസ്റ്റില്‍ വിധി പ്രഖ്യാപിച്ചിരുന്നു. മുന്‍ മന്ത്രി മായാ കോട്‌നാനി അടക്കം 32 പേരെ ശിക്ഷിച്ചിരുന്നു. അതിന് പിന്നാലെയാണിപ്പോള്‍ സംഘ് പരിവാറിന്റെ പരീക്ഷണശാലയായ ഗുജറാത്തില്‍ വന്ന് മറ്റൊരു വിധികൂടി വരുന്നത്. അതേസമയം കുറ്റക്കാര്‍ക്ക് അര്‍ഹിച്ച ശിക്ഷ ലഭിക്കാത്തതിനാല്‍ അപ്പീല്‍ പോകുമെന്ന് ടീസ്റ്റ സെറ്റില്‍വാദ് അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.