കാപ്പി ക്യാന്‍സറിന് കാരണമാകില്ല; അമിത ചൂടുള്ള ഭക്ഷണം കഴിക്കുന്നത് അപകടകരം

കാപ്പി കുടിച്ചാല്‍ ക്യാന്‍സര്‍ വരാന്‍ സാധ്യതയുണ്ടെന്ന 25 വര്‍ഷത്തെ പഠനത്തെ ലോകാരോഗ്യ സംഘടനയുടെ പുതിയ പഠനം അപ്രസക്തമാകുന്നു. ക്യാന്‍സറിന് കാരണമായേക്കാവുന്ന പദാര്‍ഥങ്ങളുടെ പട്ടികയില്‍ നിന്ന് കാപ്പിയെ ലോകാരോഗ്യ സംഘടന ഒഴിവാക്കി.
അമിത ചൂടുള്ള പദാര്‍ഥങ്ങള്‍ കഴിച്ചാല്‍ ക്യാന്‍സറിന് കാരണമാകുമെന്നതില്‍ മാറ്റമില്ലെന്ന് ഐഎആര്‍സി വ്യക്തമാക്കി.

25 വര്‍ഷം മുന്‍പത്തെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത് മൂത്രസഞ്ചിയിലെ ക്യാന്‍സറിന് കാപ്പി കാരണമാകുമെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ക്യാന്‍സറിന് കാരണമാക്കുന്ന പദാര്‍ത്ഥങ്ങളുടെ പട്ടികയില്‍ കാപ്പിയെ ഉള്‍പ്പെടുത്തിയിരുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇതുമായി ബന്ധപ്പെട്ട് പഠനങ്ങള്‍ നടന്നുവരികയാണ്. മനുഷ്യനിലും മൃഗങ്ങളിലുമായി നടത്തിയ 1000 ത്തിലധികം ശാസ്ത്രീയ പഠനങ്ങള്‍ അടിസ്ഥാനമാക്കിയാണ് ലോകാരോഗ്യ സംഘടന പുതിയ നിഗമനത്തിലെത്തിച്ചേര്‍ന്നത്. കാപ്പി ക്യാന്‍സറിനു കാരണമാവുന്നു എന്ന് കണ്ടെത്താന്‍ ഇതു വരെ സാധിച്ചിട്ടില്ല. വെള്ളം, കാപ്പി, ചായ, തുടങ്ങി 65 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂടുള്ള ഏത് തരം പാനീയം കുടിച്ചാലും അന്നനാളത്തിലെ ക്യാന്‍സറിന് കാരണമാകുന്നുണ്ടെന്നാണ് പുതിയ പഠനത്തില്‍ പറയുന്നത്. അമിതചൂടുള്ള ഭക്ഷണം കഴിക്കുന്നതും അപകടകരമാണ്.