ഡോ.നരേന്ദ്ര ദാഭോല്‍കറിന്റെയും ഗോവിന്ദ പന്‍സാരെയുടെയും കൊലയാളികളെ വെടിയുതിര്‍ക്കാന്‍ പഠിപ്പിച്ചത് മുന്‍ സൈനികന്‍; സതാര, പുണെ, നാസിക് എന്നിവിടങ്ങളിലായിരുന്നു പരിശീലനമെന്നും സിബിഐ

മുംബൈ: ഡോ.നരേന്ദ്ര ദാഭോല്‍കറിന്റെയും ഗോവിന്ദ പന്‍സാരെയുടെയും കൊലയാളിയെ വെടിയുതിര്‍ക്കാന്‍ പരിശീലിപ്പിച്ചത് മുന്‍ സൈനികനെന്ന് സി.ബി.ഐ കണ്ടെത്തി. സൈന്യത്തില്‍നിന്ന് വിരമിച്ച ആളാണ് കൊലയാളികളെ പരിശീലിപ്പിച്ചത്. സതാര, പുണെ, നാസിക് എന്നിവിടങ്ങളിലായിരുന്നു പരിശീലനകേന്ദ്രങ്ങള്‍. ഇവയെക്കുറിച്ച് വിവരങ്ങള്‍ സി.ബി.ഐക്ക് ലഭിച്ചെങ്കിലും ആളെ തിരിച്ചറിഞ്ഞിട്ടില്ല. അറസ്റ്റിലായ സനാതന്‍ സന്‍സ്തയുടെ അനുബന്ധ സംഘടനയായ ഹിന്ദു ജനജാഗ്രുതി സമിതി പശ്ചിമേന്ത്യന്‍ നേതാവ് ഡോ. വിരേന്ദ്ര സിങ് താവ്‌ഡെയില്‍നിന്ന് ഇത് സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. താവ്‌ഡെയെ ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കാന്‍ കോടതിയില്‍ അനുമതി തേടും. ഗോവ സ്‌ഫോടനം, ദാഭോല്‍കര്‍, പന്‍സാരെ, കല്‍ബുര്‍ഗി പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയത് താവ്‌ഡെയാണെന്നാണ് സി.ബി.ഐ കരുതുന്നത്. സനാതന്‍ സന്‍സ്തയുടെ മുതിര്‍ന്ന നേതാക്കളുടെ നിര്‍ദേശപ്രകാരമായിരുന്നു ഇതെല്ലാമെന്നും സി.ബി.ഐ പറയുന്നു. ഗോവ സ്‌ഫോടനക്കേസില്‍ പിടികിട്ടാപ്പുള്ളികളായ സാരംഗ് അകോല്‍കര്‍, രുദ്ര പാട്ടീല്‍ എന്നിവര്‍ക്കെതിരെ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടും ഇവരെക്കുറിച്ച അന്വേഷണവും നിരീക്ഷണവും നടന്നിട്ടില്ല. 2009ലെ ഗോവ സ്‌ഫോടനശേഷവും ഇവര്‍ സജീവമായിരുന്നു എന്ന് സി.ബി.ഐ പറയുന്നു. പന്‍സാരെയെയും ദാഭോല്‍കറെയും വെടിവെച്ചത് രുദ്ര പാട്ടീലും സാരംഗ് അകോല്‍കറുമാണെന്നാണ് സി.ബി.ഐ നിഗമനം. ഈ മുന്‍ സൈനിന്‍ ഉടന്‍ പിടിയിലായേക്കുമെന്നാണ് സൂചന.

© 2024 Live Kerala News. All Rights Reserved.