ജിഷ കൊലക്കേസിലെ പ്രതി കസ്റ്റഡിയില്‍? പിടിയിലായ അസം സ്വദേശി കുറ്റസമ്മതം നടത്തിയെന്ന് സൂചന;കൊലയാളിയെ പിടികൂടിയത് സ്ഥിരീകരിച്ച് മുഖ്യമന്ത്രി

കൊച്ചി: പെരുമ്പാവൂര്‍ ദളിത് വിദ്യാര്‍ത്ഥിനി ജിഷ കൊലക്കേസിലെ പ്രതി കസ്റ്റഡിയിലെന്ന് സൂചന. പിടിയിലായ അസം സ്വദേശി കുറ്റസമ്മതം നടത്തിയെന്നാണ് വിവരം. അസം സ്വദേശി അമിയൂര്‍ ഇസ്ലാം എന്നയാളാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.കൊച്ചിയില്‍ നിന്നാണ് ഇയാളെ പിടികുടിയത്. കൊലയാളിയെ പിടികൂടിയത് സ്ഥിരീകരിച്ച് മുഖ്യമന്ത്രിയും രംഗത്ത് വന്നു. സ്ഥിരീകരിക്കാന്‍ പൊലീസ് ശാസ്ത്രീയമാര്‍ഗങ്ങള്‍ തേടുന്നു. ഡിഎന്‍എയും രക്തവും പൊലീസ് പരിശോധിക്കും. കൊലയാളി ധരിച്ചിരുന്നതായി സംശയിക്കുന്ന കറുത്ത റബ്ബര്‍ ചെരുപ്പു വാങ്ങിയ കടയുടമയുടെ മൊഴിയാണ് നിര്‍ണായകമായത്. പൊലീസിന് ലഭിച്ച ചെരുപ്പില്‍ ജിഷയുടെ രക്തം കണ്ടെത്തിയിരുന്നു.

ഏപ്രില്‍ 28 നു ജിഷ കൊല്ലപ്പെടുന്നതിനു മുന്‍പ് പെരുമ്പാവൂരിലെ സ്റ്റുഡിയോയില്‍ ഫോട്ടോ എടുക്കാന്‍ എത്തിയിരുന്നു. അന്ന് ഒപ്പമുണ്ടായിരുന്ന യുവാവിനെക്കുറിച്ചു ലഭിച്ച നിര്‍ണായക വിവരമാണ് അന്വേഷണ സംഘത്തിനു പിടിവള്ളിയായത്. കൊലയാളിയെന്നു സംശയിക്കുന്നയാളെ പിടികൂടി ഡിഎന്‍എ പരിശോധനാ ഫലം കൂടി ലഭിച്ചിട്ടു മാത്രം ഇയാളുടെ വിശദാംശങ്ങള്‍ പുറത്തു വിട്ടാല്‍ മതിയെന്നാണു അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്ന നിര്‍ദേശം. കൊലയാളി ധരിച്ചിരുന്നതായി സംശയിക്കുന്ന കറുത്ത റബ്ബര്‍ ചെരുപ്പു വാങ്ങിയ കടയുടമയുടെ മൊഴികളും അന്വേഷണത്തിനു സഹായകരമായിട്ടുണ്ട്. സാഹചര്യ തെളിവുകള്‍ മുഴുവന്‍ പൊലീസ് സംശയിക്കുന്ന യുവാവിനെതിരാണെങ്കിലും കൊലയാളിയുടെ ഡിഎന്‍എ സാമ്പിള്‍ കണ്ടെത്തിയതിനാല്‍ അതുകൂടി പൊരുത്തപ്പെട്ടാല്‍ മാത്രമേ ഇയാളെ കേസില്‍ പ്രതിയാക്കാന്‍ കഴിയൂ. കൊലക്കേസുകളില്‍ പ്രതിയാക്കാവുന്ന സാഹചര്യ തെളിവുകള്‍ പൊലീസ് തിരയുന്ന യുവാവിനെതിരെ ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ ഡിഎന്‍എ ഫലം അനുകൂലമല്ലെങ്കില്‍ പൊലീസിനതു വലിയ തിരിച്ചടിയാവുന്നതിനാലാണു യുവാവിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ പുറത്തു വിടാത്തത്.

© 2022 Live Kerala News. All Rights Reserved.