പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി സ്വന്തം പരീക്ഷാ പേപ്പറില്‍ ചുവന്ന മഷി കൊണ്ട് മൂല്യനിര്‍ണയം നടത്തി; നൂറില്‍ നൂറ് മാര്‍ക്ക്; അധ്യാപകര്‍ക്ക് തലവേദനയായി

അഹമ്മദാബാദ്: ഗുജറാത്തില്‍ മൂല്യനിര്‍ണയം സംബന്ധിച്ച് വിവാദങ്ങള്‍ ഉയരുന്നു. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഹര്‍ഷദ് സ്വന്തം പരീക്ഷാ പേപ്പറില്‍ ചുവന്ന മഷി കൊണ്ട് മൂല്യനിര്‍ണയം നടത്തിയിരിക്കുന്നു. പരീക്ഷ എഴുതുന്നതിനിടെ തന്നെയാണ് ഹര്‍ഷദ് മുഴുവന്‍ മാര്‍ക്കും ഇട്ടത്. ഇക്കണോമിക്‌സ് പരീക്ഷയുടെ ഉത്തരക്കടലാസിലാണ് ഹര്‍ഷാദ് മാര്‍ക്ക് രേഖപ്പെടുത്തിയത്.ജ്യോഗ്രഫിയുടെ പേപ്പറും ഇതുപോലെ ഹര്‍ഷദ് മൂല്യനിര്‍ണയം നടത്തി. പരീക്ഷയ്ക്ക് ശേഷം സൂപ്പര്‍വൈസറിനു മുന്നില്‍ ഹര്‍ഷദ് പേപ്പര്‍ വെയ്ക്കുകയും ചെയ്തു. മൂല്യനിര്‍ണയം കഴിഞ്ഞപ്പോള്‍ ഹര്‍ഷദിന് ജ്യോഗ്രഫിക്ക് 34 മാര്‍ക്കും, എക്കണോമിക്‌സിന് നൂറില്‍ നൂറ് മാര്‍ക്കും ലഭിച്ചു. മറ്റ് വിഷയങ്ങള്‍ക്ക് മാര്‍ക്ക് വലരെ കുറവായിരുന്നു.

മാര്‍ക്കില്‍ വന്ന വലിയ അന്തരം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അധ്യാപകര്‍ അന്വേഷിക്കുകയായിരുന്നു. അന്വേഷണത്തില്‍ ഹര്‍ഷാദിന്റെ ഇടപെടല്‍ കണ്ടെത്തി. ക്രമക്കേട് കാണിച്ചതിന് ഹര്‍ഷദിന് ഗുജറാത്ത് ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ ബോര്‍ഡ് നോട്ടീസ് അയച്ചിട്ടുണ്ട്. കുറ്റം തെളിഞ്ഞാല്‍ ഹര്‍ഷദിനെ ഡീബാര്‍ ചെയ്യുമെന്ന് ബോര്‍ഡ് അറിയിച്ചു. ഏഴ് പേര്‍ അടങ്ങുന്ന അധ്യാപക സംഘമാണ് മൂല്യനിര്‍ണയം നടത്തിയത്. അശ്രദ്ധയോടെ മൂല്യനിര്‍ണയം നടത്തിയ അധ്യാപകര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ബോര്‍ഡ് വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.