മാര്‍ക്കറ്റ് വില നല്‍കിയാലും മലാപ്പറമ്പ് സ്‌കൂള്‍ വിട്ടുനല്‍കില്ല; ഏറ്റെടുക്കാന്‍ വന്നാല്‍ നിയമപരമായി നേരിടും; ഭീഷണി സ്‌കൂള്‍ മാനേജറുടേത്

കോഴിക്കോട്: മാര്‍ക്കറ്റ് വില നല്‍കിയാലും മലാപ്പറമ്പ് സ്‌കൂള്‍ വിട്ടുനല്‍കില്ലെന്ന് സ്‌കൂള്‍ മാനേജര്‍ പി കെ പത്മകുമാര്‍. സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത് ലാഭകരമല്ലെന്ന ഹൈക്കോടതി ഉത്തരവ് പ്രകാരം കഴിഞ്ഞയാഴ്ചയാണ് മലാപ്പറമ്പ് എയുപി സ്‌കൂള്‍ അടച്ചുപൂട്ടിയത്. സ്‌കൂള്‍ ഏറ്റെടുക്കുമെന്ന് അന്നുതന്നെ സര്‍ക്കാരും പ്രഖ്യാപിച്ചിരുന്നു. അതിനുള്ള നടപടികള്‍ പുരോഗമിക്കെയാണ് സ്‌കൂള്‍ വിട്ടുകൊടുക്കില്ലെന്ന നിലപാട് മാനേജര്‍ ആവര്‍ത്തിച്ചത്. ജില്ലാ ഭരണകൂടം കണക്കാക്കിയ വില സ്വീകാര്യമല്ലെന്നും മാര്‍ക്കറ്റ് വില നല്‍കിയാല്‍ സ്‌കൂള്‍ വിട്ടുതരാമെന്നും ആയിരുന്നുവെന്നാണ് മാനേജര്‍ നേരത്ത പറഞ്ഞതെങ്കിലും പിന്നീട് മലക്കം മറിയുകയായിരുന്നു. സര്‍ക്കാര്‍ ഇപ്പോള്‍ മാര്‍ക്കറ്റ് വില നല്‍കിയാലും സ്‌കൂള്‍ വിട്ടുകൊടുക്കില്ലെന്ന നിലപാടിലേക്ക് മാനേജര്‍ മാറിയിരിക്കുകയാണ്. സ്‌കൂള്‍ പൂട്ടിയതോടെ കളക്‌ട്രേറ്റിലെ പ്രത്യേകം തയാറാക്കിയ ക്ലാസ്മുറികളിലാണ് കുട്ടികള്‍ പഠനം നടത്തുന്നത്. സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള നടപടി സ്വീകരിച്ചാല്‍ നിയമപരമായി നേരിടുമെന്നും മാനേജര്‍ മുന്നറിയിപ്പ് നല്‍കി. എന്തു സംഭവിച്ചാലും സ്‌കൂള്‍ ഏറ്റെടുക്കുമെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.

© 2022 Live Kerala News. All Rights Reserved.