അനുശ്രീ, ചിരിയില്‍ വസന്തം തീര്‍ത്ത പെണ്‍കുട്ടി

ബി ദിലീപ് കുമാര്‍ (ന്യൂസ് 18)

ചിരിക്കുന്ന അനുവിനെ മാത്രമേ ഞാന്‍ കണ്ടിട്ടുളളൂ. പ്രതിസന്ധികളില്‍ പോലും ക്ഷോഭിച്ച് കണ്ടിട്ടില്ല. സൗഹൃദങ്ങള്‍ അനുവിന് എന്നും പ്രിയപ്പെട്ടതാവണം. അതു കൊണ്ടാണല്ലോ ഇന്ത്യാവിഷനില്‍ നിന്ന് ഞങ്ങള്‍ വഴിപിരിഞ്ഞെങ്കിലും ആ സൗഹൃദം തുടര്‍ന്നത്. ഇന്ത്യാവിഷനില്‍ നിന്ന് ടിവി ന്യൂവിലേക്കും ടൈംസ് ഓഫ് ഇന്ത്യയിലേക്കും പോയപ്പോഴും അനു അതൊന്നും പറയാന്‍ മറന്നില്ല. ടൈംസ് ഓഫ് ഇന്ത്യയുടെ പരിശീലനത്തിന് അനുവും സഹപ്രവര്‍ത്തക പാര്‍വതിയും ഡല്‍ഹിക്കു വരുന്ന കാര്യം നേരത്തെ വിളിച്ചു പറഞ്ഞപ്പോള്‍ അവര്‍ക്ക് ആ നഗരത്തില്‍ വഴികാട്ടിയായി ഞാനുമുണ്ടായിരുന്നു. ടൈംസ് സമയിന്റെ ട്രയല്‍ ലിങ്ക് അയച്ചു തന്ന് അഭിപ്രായം ചോദിച്ചതും പ്രതികരിക്കാന്‍ വൈകിയപ്പോള്‍ നിരന്തരം അക്കാര്യം ഓര്‍മിപ്പിച്ചതും വാശിയോടെയായിരുന്നു. അനുശ്രീയുടെ വാര്‍ത്തകള്‍ ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പി ന്റെ വിവിധ ഭാഷാ പത്രങ്ങളില്‍ വരുമ്പോഴൊക്കെ അതിന്റെ ലിങ്ക് അയച്ചു തന്നു. ജില്ലാ ബാങ്ക് ജഞഛ നിയമനങ്ങളില്‍ ദൃശ്യമാധ്യമ പരിചയക്കാര്‍ അപേക്ഷിക്കേണ്ടന്ന തീരുമാനത്തിനെതിരായ നിയമ പോരാട്ടം വിജയത്തിലെത്തിയതിനു പിന്നിലും അനു ഉണ്ടായിരുന്നു. മനീഷിന്റെ കല്യാണത്തിന്റേയും വീണയുടെ തെരഞ്ഞെടുപ്പു പ്രചരണത്തിനു പോയതിന്റേയും വിശേഷങ്ങള്‍ അനു പറഞ്ഞു. ടൈപ്പ് ചെയ്ത് മടുത്തെന്നും ടി വിയിലേക്ക് തിരിച്ചെത്തണമെന്നും അനു ആഗ്രഹിച്ചിരുന്നു.ദുബായിലുള്ള അനിയത്തിയെ കാണാനെത്തുമ്പോള്‍ ആ നഗരം കാണിക്കണമെന്നും . പക്ഷേ ഞാനിങ്ങെത്തി. അനുവിനെ വിളിക്കാനായില്ല. അപ്പോഴേക്കും അനു യാത്രയായി. രാവിലെ നാലര മുതല്‍ കൈരളിയിലെ എന്‍എം ഉണ്ണികൃഷ്ണന്‍ നിര്‍ത്താതെ വിളിച്ചത് നീ യാത്രയായെന്ന് പറയാനെന്ന് അറിഞ്ഞില്ല .
ചിരിക്കുന്ന നിന്റെ മുഖം മാത്രമാണ് മനസില്‍. അതങ്ങിനെ തുടരട്ടെ.

4
വി എസ് ശ്യാംലാല്‍ (മാധ്യമപ്രവര്‍ത്തകന്‍)

ചില മുഖങ്ങളുണ്ട്. സദാ പുഞ്ചിരി തത്തിക്കളിക്കും. അവര്‍ ദേഷ്യത്തിലാണേലും സങ്കടത്തിലാണേലും പുഞ്ചിരിക്കുന്നതായിട്ടായിരിക്കും മറ്റുള്ളവര്‍ക്കു തോന്നുക.
ആ മുഖം കാണുന്നതു തന്നെ ആശ്വാസമാണ്. ആ പുഞ്ചിരി പ്രസരിപ്പ് പകരുന്നതാണ്. 2012 സെപ്റ്റംബര്‍ 5 ഞാന്‍ മറക്കില്ല. ഇന്ത്യാവിഷനില്‍ ജോലിക്കു കയറിയ ദിവസം.
പുതിയ സ്ഥാപനത്തിലേക്കു കടന്നു ചെല്ലുന്നതിന്റെ അങ്കലാപ്പുണ്ടായിരുന്നു. പ്രായം ഇത്രയായെങ്കിലും അകാരണമായ ഒരു ഭീതി. നമ്മള്‍ ഒറ്റയ്ക്കാണ് എന്ന ബോധം മനസ്സിലേക്ക് വീണ്ടു വീണ്ടുമെത്തുന്ന സന്ദര്‍ഭം. കൊച്ചി പാടിവട്ടത്തുള്ള ടുട്ടൂസ് ടവറിലായിരുന്നു ഇന്ത്യാവിഷന്‍ ഓഫീസ്. ഏതു നിലയിലാണ് ഇന്ത്യാവിഷനെന്ന് താഴെ സെക്യൂരിറ്റിയോട് ചോദിച്ചു. അടുത്ത് കൈയില്‍ സിഗരറ്റുമായി നിന്ന ചെറുപ്പക്കാരനാണ് മറുപടി നല്‍കിയത്. 5, 6 നിലകളിലാണ് ഇന്ത്യാവിഷന്‍. നേരെ ആറിലേക്കു വിട്ടോ, അവിടാ ഓഫീസ്. ആറാം നിലയിലേക്കുള്ള ലിഫ്റ്റ് കാത്തുനില്‍ക്കുമ്പോള്‍ അവളെ ഞാന്‍ ആദ്യമായി കണ്ടു. ചെറുപുഞ്ചിരിയുള്ള മുഖം. അവളെനിക്കൊരു നിറപുഞ്ചിരി സമ്മാനിച്ചു. എനിക്കിറങ്ങേണ്ട ആറാം നിലയില്‍ത്തന്നെ അവളുമിറങ്ങി. ഓ, അപ്പോള്‍ ഇന്ത്യാവിഷനില്‍ ജോലി ചെയ്യുന്ന കുട്ടിയാണ്. അവള്‍ നേരേ റിസപ്ഷനിലേക്കു ചെന്നു. ‘ജോയിന്‍ ചെയ്യാന്‍ വന്നതാണ്’ അവളുടെ വാക്കുകള്‍ എന്റെ കാതുകളില്‍ കുളിര്‍മഴയായി. അപ്പോള്‍ ഞാന്‍ ഒറ്റയ്ക്കല്ല. ഞാന്‍ ചാടിക്കയറി പറഞ്ഞു ‘ഞാനും.’
അവള്‍ എന്നെ പെട്ടെന്ന് തിരിഞ്ഞു നോക്കി, നിറപുഞ്ചിരിയോടെ തന്നെ. ഇന്ത്യാവിഷനില്‍ എനിക്കു ധാരാളം സുഹൃത്തുക്കളുണ്ടായിരുന്നു. ആ പെണ്‍കുട്ടിക്കു പിന്നാലെ ഞാനും ഡെസ്‌കിലേക്കു കടന്നു ചെല്ലുമ്പോള്‍ എല്ലാവരും ജോലിയില്‍ വ്യാപൃതര്‍. എന്നെക്കാളേറെ കൂട്ടുകാര്‍ ആ പെണ്‍കുട്ടിക്കവിടെയുണ്ടെന്നു തോന്നി.
അവളുടെ സമപ്രായക്കാര്‍ വന്നു കെട്ടിപ്പിടിക്കുന്നു, കുശലമന്വേഷിക്കുന്നു. എനിക്ക് ഏതായാലും അത്തരം സ്വീകരണങ്ങളൊന്നുമുണ്ടായില്ല.
എച്ച്.ആര്‍.മാനേജരുടെ മുറിയിലേക്ക് അവളുടെ സുഹൃത്തുക്കള്‍ നയിച്ചു. അവളെ പിന്തുടര്‍ന്ന് ഞാനും. എച്ച്.ആര്‍. മാനേജര്‍ സജീവ് ഞങ്ങള്‍ക്കിരുവര്‍ക്കും ചില ഫോമുകള്‍ നല്‍കി. അടുത്തടുത്ത കസേരകളിലിരുന്ന് ഞങ്ങളത് പൂരിപ്പിച്ചു തുടങ്ങി. ആ ഫോമില്‍ നിന്ന് ഞാനവളുടെ പേര് മനസ്സിലാക്കി.
അനുശ്രീ പിള്ള. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഞാന്‍ നേരേ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എം.പി.ബഷീറിനെ കാണാന്‍ കയറി. വിഷ്വല്‍ മീഡിയയിലേക്ക് എന്റെ പ്രവര്‍ത്തനം സ്വാംശീകരിക്കാനുള്ള പരിശീലനപരിപാടികള്‍ ചര്‍ച്ചയായി. മാതൃഭൂമി പത്രത്തില്‍ നിന്നെത്തിയ എനിക്ക് ടെലിവിഷനെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു.
മലയാള മനോരമയില്‍ നിന്നെത്തിയ അനുരാജ്, ജനയുഗത്തില്‍ നിന്നെത്തിയ സോമു ജേക്കബ്ബ് എന്നിവര്‍ കൂടിയുണ്ടെന്ന് ബഷീര്‍ പറഞ്ഞു.

അത്രയും ആശ്വാസം. ഞങ്ങള്‍ ചര്‍ച്ച ചെയ്തിരിക്കുമ്പോള്‍ വാതില്‍ പകുതി തുറന്ന് അനുശ്രീയുടെ തല പ്രത്യക്ഷപ്പെട്ടു. പിന്നാലെ ഉടലും കടന്നു വന്നു.
റീഡിങ് ട്രയല്‍ നോക്കണം, ലൈബ്രറിയില്‍ പറഞ്ഞാല്‍ ടേപ്പ് തരും ബഷീറിന്റെ നിര്‍ദ്ദേശം. പുഞ്ചിരിയോടെ തലകുലുക്കി, അത്ര മാത്രം. ആ കുട്ടി ജയ്ഹിന്ദില്‍ നിന്നു വന്നതാണ് ബഷീര്‍ എന്നോടായി പറഞ്ഞു. ഓ, അപ്പോള്‍ അതാണ് ഇവിടെയുള്ള സൗഹൃദങ്ങളുടെ കാരണം. മുന്‍പരിചയമുണ്ടായിരുന്നതിനാല്‍ അനുശ്രീ പെട്ടെന്ന് ടീം ഇന്ത്യാവിഷന്റെ ഭാഗമായി. തപ്പിത്തടഞ്ഞു നീങ്ങിയ എനിക്കൊപ്പം അനുരാജും സോമുവുമുണ്ടായിരുന്നത് ആശ്വാസം.
താമസിയാതെ ഞാന്‍ തിരുവനന്തപുരത്തേക്കു നീങ്ങി. അനു ഡെസ്‌കിന്റെ അവിഭാജ്യഘടകമായി. ഒരു കാര്യം ഡെസ്‌കിലേക്കു വിളിച്ചു പറയുമ്പോള്‍ മറുഭാഗത്ത് അനുവാണെങ്കില്‍ ഉറപ്പിക്കാം ഏല്പിച്ചത് നടന്നിരിക്കും. ‘മ്യാവൂ’ എന്ന വിനോദ പരിപാടിയുടെ ചുമതലക്കാരിയായി. ക്രമേണ ഇന്ത്യാവിഷന്റെ മുഖങ്ങളിലൊന്നായി.
ഒരേ ദിവസം ജോയിന്‍ ചെയ്തവര്‍ എന്ന സ്‌നേഹം അനുവിന് എന്നോടുണ്ടായിരുന്നു. അവള്‍ എന്നെ ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെ കണ്ടു.
വ്യക്തിപരമായ കാര്യങ്ങള്‍ പോലും പങ്കുവെച്ചു, ആവശ്യങ്ങള്‍ ഉന്നയിച്ചു. ചെയ്യാനാവുന്ന കാര്യങ്ങള്‍ ഞാനും ചെയ്തുകൊടുത്തു. വലുതൊന്നും അവള്‍ ആവശ്യപ്പെട്ടില്ല.
അനുജത്തിയുടെ എന്‍ജിനീയറിങ് പ്രവേശനം, അമ്മാവന്റെ സ്ഥലംമാറ്റം എന്നിങ്ങനെ. ഇതൊന്നും നടത്തിക്കൊടുക്കണമെന്നല്ല, തിരുവനന്തപുരത്തെ ഓഫീസുകളില്‍ നിന്ന് വിവരമന്വേഷിച്ചു പറഞ്ഞാല്‍ മതി. ക്രമേണ ഇന്ത്യാവിഷന്‍ പ്രതിസന്ധിയിലായി. അവസാനഘട്ടം വരെ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചവരില്‍ അനുവുമുണ്ടായിരുന്നു.
ഒടുവില്‍ അവള്‍ വീണാ ജോര്‍ജ്ജിനൊപ്പം ടി.വി. ന്യൂവിലേക്കു പോയി. അവിടെയും പ്രതിസന്ധി ഉടലെടുത്തു. കഷ്ടപ്പാടിന്റെയും പട്ടിണിയുടെയും കാലത്തിന് അവസാനമിട്ടുകൊണ്ട് ടൈംസിലെ ജോലി അവളെത്തേടി വന്നു. ജീവിതത്തില്‍ കാലുറപ്പിക്കാന്‍ തുടങ്ങുകയായിരുന്നു അവള്‍.
ഏതാണ്ട് ഒരു മാസം മുമ്പ് അനുശ്രീയെ കണ്ടു. ഏതാണ്ട് ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം. നിയമസഭാ മണ്ഡലങ്ങളിലൂടെയുള്ള പര്യടനത്തിലായിരുന്നു ഞാന്‍.
കൊച്ചി പാലാരിവട്ടത്ത് റോഡിലൂടെ നടന്നു പോകുമ്പോള്‍ പിന്നില്‍ നിന്നൊരു വിളി ‘ശ്യാമേട്ടാ. അനുവാണ്. അവളെ കണ്ടതില്‍ എനിക്കു സന്തോഷം. അവള്‍ക്ക് അതിലേറെ സന്തോഷം. ‘എന്താ ചേട്ടാ പരിപാടി?’ ‘ഒരു പരിപാടിയുമില്ല മോളേ. അക്ഷരാര്‍ത്ഥത്തില്‍ തൊഴില്‍രഹിതന്‍.’

‘എല്ലാം ശരിയാകും ചേട്ടാ’ അവളുടെ വാക്കുകള്‍ക്ക് പുഞ്ചിരിയുടെ അകമ്പടി. കലാകൗമുദിക്കു വേണ്ടി തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിങ്ങിന്റെ ഭാഗമായുള്ള പര്യടനത്തിലാണെന്നു കേട്ടപ്പോള്‍ അവള്‍ക്കറിയേണ്ടത് ഒരു കാര്യം മാത്രം ‘വീണച്ചേച്ചി ജയിക്കുമോ?’ ആറന്മുളയില്‍ സി.പി.എം. സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പഴയ സഹപ്രവര്‍ത്തക വീണാ ജോര്‍ജ്ജിന്റെ കാര്യമാണ് ചോദിക്കുന്നത്. ‘ജയിക്കാനാണ് സാദ്ധ്യത. നായര്‍ വോട്ടുകള്‍ ശിവദാസന്‍ നായരും എം.ടി.രമേശും പങ്കിടുകയും വീണയ്ക്കനുകൂലമായി ഓര്‍ത്തഡോക്‌സ് വോട്ടുകളുടെ ഏകോപനം ഉണ്ടാവുകയും ചെയ്താല്‍ ജയിക്കും’ അവലോകനത്തിലെ പാണ്ഡിത്യം പ്രകടിപ്പിക്കാന്‍ എന്റെ ശ്രമം.
അവള്‍ക്ക് കാര്യകാരണങ്ങളില്‍ താല്പര്യമുണ്ടായിരുന്നില്ല. വീണ ജയിക്കും എന്നു മാത്രം കേട്ടാല്‍ മതിയായിരുന്നു. അതാണ് അനു. കൂടെയുള്ളവരുടെ സന്തോഷത്തില്‍ സ്വന്തം സന്തോഷം തിരഞ്ഞിരുന്ന പെണ്‍കുട്ടി. ‘ഇന്ത്യാവിഷന്‍ തിരിച്ചുവരുമെന്ന് എല്ലാവരും പറയുന്നു. എല്ലാം ശരിയാവും ചേട്ടാ. ധൈര്യമായിരിക്ക്.’
ആശ്വാസത്തിന്റെ അടുത്ത ഡോസ്, അതെനിക്കുള്ളതാണ്. സ്വീകരിച്ചു. പറയുന്നത് നിറഞ്ഞ ആത്മാര്‍ത്ഥതയോടെ ആവുമ്പോള്‍ വാക്കുകള്‍ മനസ്സിലേക്കു നേരിട്ടു കയറും.
രാവിലെ മുഖപുസ്തകം തുറന്നപ്പോള്‍ ആദ്യം കണ്ടത് ദിലീപിന്റെ പോസ്റ്റ്. ‘അനുശ്രീ. ഒന്നും പറയാനായില്ല. ഞാന്‍ തിരികെ വന്നതിനെക്കുറിച്ചോ നിന്റെ ജോലിത്തിരക്കിനെക്കുറിച്ചോ. ഒന്നും. ഉളളുലയുന്നു.’ ഇവനെന്താ ഈ എഴുതിവെച്ചിരിക്കുന്നത്, വിശ്വാസം വന്നില്ല. ആശങ്കയോടെ മൗസ് താഴേക്കു സ്‌ക്രോള്‍ ചെയ്തു.
നിഖില്‍, വിനേഷ്.. എല്ലാവരുടെയും പോസ്റ്റുകളില്‍ അനുശ്രീയുടെ ചിത്രം. കാലുകളിലൂടെ ഒരു മരവിപ്പ് മുകളിലേക്ക് ഇരമ്പിക്കയറുന്നത് ഞാനറിഞ്ഞു.
വിറയ്ക്കുന്ന കൈകളോടെ നിഖിലിനെ വിളിക്കാന്‍ ഫോണെടുത്തു. ആദ്യം ഡയല്‍ ചെയ്തപ്പോള്‍ ഫോണ്‍ ബിസി. രണ്ടു മിനിറ്റു കഴിഞ്ഞ് വീണ്ടു വിളിച്ചു.
‘അനുവിനെന്താടാ പറ്റിയേ?’ എങ്ങനെയൊക്കെയോ ചോദിച്ചു. വാക്കുകള്‍ പുറത്തേക്കു വരുന്നില്ല. ‘അവള്‍ പോയി ചേട്ടാ. വയറുവേദനയാണെന്നു’ നിഖില്‍ എന്തൊക്കെയോ വിശദീകരിക്കാന്‍ ശ്രമിച്ചു. ഞാനൊന്നും കേട്ടില്ല. കേള്‍വി നഷ്ടമായിരിക്കുന്നു. കണ്ണുകളില്‍ നിറയെ ഇരുട്ട്. മരണം രംഗബോധമില്ലാത്ത കോമാളിയാണെന്ന് വീണ്ടും വീണ്ടും വ്യക്തമാവുകയാണ്. വളരെ അടുപ്പമുണ്ടായിരുന്ന എത്ര പേരെയാണ് അവന്‍ എന്നില്‍ നിന്ന് ഈയിടെ തട്ടിയെടുത്തത്.പട്ടികയില്‍ ഏറ്റവുമൊടുവില്‍ ഏഷ്യാനെറ്റിലെ അനീഷ്, ഇപ്പോള്‍ അനു. ലാപ്‌ടോപ്പ് സ്‌ക്രീനിലെ കാഴ്ച മങ്ങുന്നു. എന്റെ കണ്ണുകളില്‍ വെള്ളത്തിന്റെ തിരയിളക്കം.
അതു തുള്ളിയായി താഴേക്കു വീണു. അനൂ ഈ കണ്ണുനീര്‍ത്തുള്ളി നിനക്കുള്ളതാണ്. ഈ ചേട്ടനു നല്‍കാന്‍ ഇത്രമാത്രം.

 

anu 3

ഇ സനീഷ് (മീഡിയവണ്‍)

വിശ്വാസമാകുന്നില്ല എന്നത് പിന്നേം പിന്നേം എഴുതുന്നു. മനീഷിന്റെ കല്യാണറിസപ്ഷന്റെയന്ന് അവളെടുത്ത സെല്‍ഫി ഇന്ന് ചെന്ന് നോക്കിയപ്പോ ആ വാളില്‍ കണ്ടു. പിശുക്കില്ലാത്ത ചിരി ഇതാ അതിലും ഉണ്ട്. വിട, അനുശ്രീ. ചിരിയും വര്‍ത്തമാനങ്ങളും അത്യധികമായ സങ്കടത്തോടെ ഓര്‍ക്കുന്നു.

എന്‍ എം ഉണ്ണികൃഷ്ണന്‍ (കൈരളി-പീപ്പിള്‍ ഓണ്‍ലൈന്‍)

ഈ സൗഹൃദക്കൂട്ടില്‍നിന്ന് ഒരാള്‍ വിടവാങ്ങിയിരിക്കുന്നു. അനുശ്രീ… ഇന്ത്യാവിഷന്‍ ചാനലിന്റെ അവസാന ബുള്ളറ്റിന്‍ ക!ഴിഞ്ഞ് എല്ലാം അ!വസാനിച്ചിരിക്കുന്നു എന്ന ഉള്ളുപിടയുന്ന വേദനയുമായി പിസിആറില്‍നിന്നു ഡെസ്‌കിലേക്കു വന്ന അനുശ്രീ… കല്ലേലിയുടെ ഇല്ലത്ത്, സെക്രട്ടേറിയറ്റിലെ ഇന്ത്യന്‍ കോഫീഹൗസിലെ ഉച്ച, അപ്രതീക്ഷിതമായി പാലാരിവട്ടം പൈപ്പ് ലൈനില്‍… അവസാനം കണ്ടത്, മനീഷിന്റെ കല്യാണവേദിയില്‍… എവിടേക്കും നീ ഇനി മടങ്ങിവരില്ല. അനുശ്രീ…

ബോബി തേവരില്‍ (ജയ്ഹിന്ദ് ടിവി)

ഏതു കാര്യവും എപ്പോഴും നിറഞ്ഞ പുഞ്ചിരിയോടെ നേരിടുന്ന കൂടുകാരി , ചാറ്റിങ്ങിലും ഫോണിലും സഹൃദം കാത്തു സുക്ഷിക്കുന്ന അനുശ്രീ ഇനി ഓര്‍മയില്‍ , എല്ലാവരോടും പ്രത്യേക സ്‌നേഹം നിലനിര്‍ത്തുന്ന അനുശ്രീ ,, മാധ്യമ പ്രവര്‍ത്തനത്തില്‍ ആ കിളി നാദം ഇനി ഇല്ല …വിശ്വസിക്കാനാകുന്നില്ല … ഈ വിടവാങ്ങല്‍.. ആദരാജ്ഞലികള്‍

രഞ്ജിത് അമ്പാടി (ജനം ടിവി)

പലതും എഴുതണമെന്നുണ്ട് …കഴിയുന്നില്ല …കണ്ടിട്ട് ഏറെ നാളായെങ്കിലും മനസ്സ് കൊണ്ട് നീ അടുത്ത സുഹൃത്തായിരുന്നു ……സദാ നിറയുന്ന നിന്റെ പുഞ്ചിരി ആര്‍ക്കാണ് മറക്കനാകുക…..എല്ലാ കെട്ടുപാടുകളും ഒഴിവാക്കി നീ യാത്രയാകുമ്പോള്‍ നേരുന്നു സോദരി, നിന്റെ ആതമാവിനു നിത്യശാന്തി

വൈശാഖ് നാഥ്( വിഷ്വല്‍ എഡിറ്റര്‍)

ഏത്രയോ ഭീകരമാണു ഈ ദിവസം.. ചില വാര്‍ത്തകള്‍ അങ്ങനെയാണു, വിശ്യസിക്കപെടേണ്ടതല്ല മനസ്സിനേ അടിച്ചെല്‍പ്പിക്കെണ്ടതാണു.. നിറഞ്ഞ പുഞ്ചിരിയോടേ അത്രയും അത്മാര്‍ത്തതയൊടെ എന്നെ കുയ്യാലി ഏന്നു നീട്ടി വിളിക്കാന്‍ ഇനി നീയില്ല.. നന്ദിയുണ്ട് ചെയ്തു തന്ന സഹായങ്ങള്‍ക്കും പറഞ്ഞ നല്ല വാക്കുകള്‍ക്കും.. നല്ല കൂട്ടുകാരി.. വിട….

anu 5
ജെനു ജോണ്‍ (സഹപാഠി)
അനുശ്രീ ചാനലില്‍ വാര്‍ത്ത വായിക്കുന്നത് കാണുമ്പോള്‍ വളരെ ആവേശത്തോടെ ഞാന്‍ പറയുമായിരുന്നു ഇത് എന്റെ കൂടെ കോളേജില്‍ പഠിച്ച കുട്ടിയാണെന്ന്.ഏതിനെ കുറിച്ചും വ്യക്തമായ അഭിപ്രായവും, സംഭാഷണ ശൈലിയും അനുശ്രീയുടെ മുഖമുദ്ര തന്നെ ആയിരുന്നു.
റാന്നി കോളേജില്‍ ഒരുമിച്ച് പഠിച്ച കാലയളവില്‍ രൂപപെട്ട സൌഹൃദം കാലം ഇത്ര വേഗം അവസാനിപ്പിക്കുമെന്ന് കരുതിയില്ല….
ആദരാഞ്ജലികള്‍ പ്രിയ സഹപാഠി

തങ്കം തോമസ് (മാതൃഭൂമി ന്യൂസ്)
അനുശ്രീ,പതിയെ മാത്രം സംസാരിക്കുന്ന, സദാ പുഞ്ചിരി അണിഞ്ഞ അനുവിനെ ആദ്യം കാണുന്നത് ഇന്ത്യാവിഷനില്‍ വച്ചാണ്.. ടിവി ന്യൂവില്‍ സൗഹൃദം കൂടുതല്‍ ദൃഢമായി… എനിക്കു അഞ്ജു വിനെ കൂട്ടു തന്നത് അവളായിരുന്നു.. കഷ്ടകാലത്ത് ഒരുമിച്ച് ആയിരുന്നതിനാല്‍ പരസ്പരം നന്നായി മനസിലാകുമായിരുന്നു. ടൈംസില്‍ ജോലി കിട്ടിയപ്പോ അവള്‍ സുരക്ഷിതയായല്ലൊ എന്ന് ഓര്‍ത്തു.. പക്ഷെ വയല്‍ പൂവുപോലെ അവള്‍ പോയി…

സുബീഷ് (ജനം ടിവി)

കേരളവിഷനില്‍ ഉള്ളപ്പോള്‍ മാധ്യമ പരിശീലനത്തിന് വന്നവരുടെ കൂട്ടത്തില്‍ ആണ് ആദ്യം അനുശ്രീയെ കാണുന്നത്. ജീവിതത്തില്‍ ഏറ്റവും ആഴത്തില്‍ സ്പര്‍ശിച്ച ഒന്നിനെ കുറിച്ച് കുറിപ്പ് തയ്യാറാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഏറ്റവും മനോഹരമായി അത് ചെയ്തത് അനുശ്രീ ആയിരുന്നു. പിന്നീട്, ഞാന്‍ ഇന്ത്യാവിഷനില്‍ എത്തി, കുറെ കഴിഞ്ഞാണ് അവള്‍ വരുന്നത്. രാവിലത്തെ ഷോ, ഗുഡ് മോണിങ് കേരളം, ഒന്നിച്ച് അവതരിപ്പിക്കേണ്ടി വന്ന ദിവസങ്ങളില്‍, ഗസ്റ്റിനോട് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ എനിക്ക് അവസരം നല്‍കി അവള്‍ വിനയപൂര്‍വ്വം പഴയ ശിഷ്യയായി. ഞാനാകട്ടെ, നീ ചോദിച്ചാല്‍ മതി എന്നും പറഞ്ഞ് അവള്‍ക്ക് കൂടുതല്‍ സമയം നല്‍കുകയും ചെയ്തു. ഞാനടക്കം ഇന്ത്യാവിഷനില്‍ എല്ലാവര്‍ക്കും നല്ല അനിയത്തിയും സുഹൃത്തും ആയിരുന്നു അവള്‍. ഇത്രയും മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വിശ്വസിക്കാനാകുന്നില്ല ആ വാര്‍ത്ത. ഓരോ ദിവസവും തനിക്ക് വേണ്ടവരുടെ പട്ടിക തയ്യാറാക്കുമ്പോള്‍, തെരഞ്ഞെടുക്കേണ്ടവരുടെ കാര്യത്തില്‍ മരണം നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ എന്തെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല..

അനില്‍ കാരമല്‍ (ഓണ്‍ലൈന്‍ ജേര്‍ണ്ണലിസ്റ്റ്)
ഐവര്‍ മഠത്തിലെ ശ്മശാനത്തില്‍ ചുടല ഭദ്രകാളി തെയ്യം ആടി തമിര്‍ക്കുമ്പോള്‍ …മരിച്ചിട്ടും മണ്ണില്‍ മോക്ഷത്തിനായി കാത്തിരുന്ന ആത്മാക്കള്‍ക്കിടയില്‍, ഭക്തിയോടെ കണ്ണടച്ചു നില്‍ക്കുന്ന മുഖമാണ് മനസ്സില്‍…
നിളയുടെ ഓളങ്ങളെ മുറിക്കാതെ ചെറുത്തുരുത്തിയിലെ പുഴയ്ക്ക് നടുവിലേക്ക് നടന്നടുക്കുന്ന ചിത്രവും ഓര്‍മ്മയിലുണ്ട്…
ഒരു വലിയ യാത്രയ്ക്ക് മുന്‍പുള്ള ചെറിയ യാത്രയായിരുന്നു അത്…കൊച്ചിയില്‍ നിന്ന് തിരുവില്വാമല ഐവര്‍ മഠത്തിലേക്ക്…ചുടലഭദ്രകാളി തെയ്യം കാണാനുള്ള യാത്ര സംഘത്തില്‍ അനുവുണ്ടായിരുന്നു…ചിരിയിലും മൗനത്തിന്റെ സുഗന്ധം പരത്തിയിരുന്ന സജീവ സാന്നിധ്യമായി….

റാഷിദ് (മീഡിയ വണ്‍)

ഫേസ്ബുക്കില്‍ നിറയുന്ന ഓര്‍മ്മക്കുറിപ്പുകള്‍ വായിച്ച് നെടുവീര്‍പ്പിടുകയാണ്.. ഞെട്ടലൊഴിയുന്നില്ല, ഉള്ളില്‍ സങ്കടത്തിരയിളക്കം. ഇന്ത്യാവിഷന്‍ വിട്ട് മീഡിയാവണ്ണില്‍ ചേരും മുമ്പ് ടുട്ടൂസ് ടവറിന്റെ താഴെ വച്ച് കണ്ട് പിരഞ്ഞതാണ്. അന്ന് സംസാരിച്ചതത്രയും , പതിവ് ചിരി മുഖത്തോടെ മനസ്സില്‍ തിരതള്ളുന്നു, ഉള്ളുലയുന്നു.. വിട

റഹീം മക്രേരി (മീഡിയ വണ്‍)

2 വര്‍ഷം കഴിഞ്ഞു ഒരു നോമ്പുകാലം : ഞാന്‍ വീട്ടില്‍ ഉമ്മ ഉണ്ടാക്കിത്തരുന്ന നോമ്പുതുറ ഭക്ഷണവുമായി ഇന്ത്യവിഷന്‍ ഓഫിസില്‍ ചെന്നു കയറുമ്പോ ആര്‍ത്തിയോടെ ആ പൊതി വാങ്ങിയരുന്ന അനുശ്രീ .. ഇതാ ഒരു നോമ്പുകാലം കൂടി കണ്ണിരൊര്‍മ്മ

© 2022 Live Kerala News. All Rights Reserved.