ഇന്ത്യയില്‍ ചൈനീസ് സൈബര്‍ ആക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്; ഹാക്കര്‍മാര്‍ ശ്രമം തുടങ്ങിയതായി വിവരം; പ്രതിരോധ വകുപ്പ് അലര്‍ട്ട് പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ സെബര്‍ ആക്രമണത്തിന് ചൈനീസ് ഹാക്കര്‍മാര്‍ ശ്രമം തുടങ്ങിയ സാഹചര്യത്തില്‍ പ്രതിരോധ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ത്യയുടെ തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്താനായി ചൈനീസ് ഹാക്കര്‍മാര്‍ ശ്രമിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. ഇത്തരത്തിലൊരു ഹാക്കിങ് ശ്രമം ശ്രദ്ധയില്‍ പെട്ടതോടെയാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. സക്ക്ഫളൈ എന്ന പേരുള്ള ഗ്രൂപ്പാണ് ഹാക്കിങ് നടത്താനായി ശ്രമിച്ചത്. ഹാക്കിങ്ങിലെ അതിനൂതനമായ ‘അഡ്വാന്‍സ്ഡ് പെര്‍സിസ്റ്റന്‍സ് ത്രട്ട്’ രീതിയാണ് ഹാക്കര്‍മാര്‍ പ്രയോഗിച്ചത്. പ്രതിരോധം, സുരക്ഷ, സാമ്പത്തിക രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള ശ്രമമാണ് നടന്നിരിക്കുന്നത്. സംഗതി അതീവ ഗൗരവത്തോടെയാണ് അധികൃതര്‍ കാണുന്നത്. ചൈനയിലെ ചങ്ഡു മേഖലയില്‍ നിന്നാണ് ഹാക്കിങ്ങിന് ശ്രമം നടന്നത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ചങ്ഡു മേഖലയിലാണ് ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ കിഴക്കന്‍ കമാന്‍ഡിന്റെ ആസ്ഥാനം.4057 കിലോമീറ്റര്‍ വരുന്ന ഇന്ത്യ-ചൈന നിയന്ത്രണ രേഖ ഈ കമാന്‍ഡിന്റെ കീഴിലാണ്. ദക്ഷിണ കൊറിയന്‍ സോഫ്റ്റ്‌വെയര്‍ സ്ഥാപനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മോഷ്ടിച്ചാണ് സക്ക്ഫ്‌ളൈ ഗ്രൂപ്പ് ഹാക്കിങ് നടത്തിയത്. സൈബര്‍ ആക്രമണങ്ങള്‍ നടത്തുമ്പോള്‍ പ്രതിരോധത്തിനായാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ സൈബര്‍ പോരാളികളും കരുതലോടെ ഇരിക്കുകയാണ്. അവസരം കിട്ടിയാല്‍ ചൈനയെ സൈബര്‍ അറ്റാക്കിംഗിന് ഇന്ത്യയും ശ്രമിക്കുമെന്നുതന്നെയാണ് വിവരം.

© 2024 Live Kerala News. All Rights Reserved.