കുഴഞ്ഞുവീണുള്ള മരണത്തിന്റെ കാരണങ്ങളും പരിഹാരങ്ങളും…

വെബ്‌ഡെസ്‌ക്

മുമ്പെന്നത്തെക്കാളേറെ കുഴഞ്ഞുവീണ് മരണങ്ങള്‍ ഇന്ന് സമൂഹത്തില്‍ വര്‍ധിച്ചു വരികയാണ്. പത്രങ്ങളിലെ ചരമ പേജുകള്‍ പരിശോധിച്ചാല്‍ നമുക്ക് ഒരു ദിവസം തന്നെ ഒന്നിലേറെ കുഴഞ്ഞുവീണ് മരണങ്ങള്‍ കാണാവുന്നതാണ്. അരോഗദൃഢഗാത്രരെന്ന് കരുതുന്ന യുവാക്കളും യുവതികളും ഇങ്ങിനെ മരിക്കുന്നവരില്‍ കാണാം. വീട്ടിലും ഓഫീസിലും വഴിയരികിലും വാഹനങ്ങള്‍ക്കുള്ളിലുമെല്ലാം കുഴഞ്ഞുവീഴുന്നവര്‍ മരണത്തിന്‍െറ ലോകത്തേക്ക് പോകുന്നു. ഇത്തരം മരണങ്ങള്‍ നമ്മെ ആശങ്കപ്പെടുത്തുന്നതോടൊപ്പം ഉത്കണ്ഠപ്പെടുത്തുകയും ചെയ്യുന്നുണ്ട്. എന്തുകൊണ്ടാണ് ഇങ്ങിനെ ഒരു തരത്തിലുമുള്ള അസുഖത്തിന്‍െറ ലക്ഷണവുമില്ലാത്തവര്‍ പെട്ടെന്ന് മരിച്ചുപോകുന്നത്..? ഇതിന് പരിഹാരമുണ്ടോ…? ഇത്തരം മരണങ്ങള്‍ പ്രതിരോധിക്കാന്‍ കഴിയുമോ..? തുടങ്ങിയ ചോദ്യങ്ങള്‍ ബാക്കിയാവുകയാണ്.
ഒരു വ്യക്തി കുഴഞ്ഞുവീണ് മരിക്കാന്‍ നിരവധി കാരണങ്ങളുണ്ട്. പലതരം ശാരീരിക പ്രശ്നങ്ങള്‍ ഇത്തരം മരണത്തിന് കാരണമാകാറുണ്ടെങ്കിലും കുഴഞ്ഞുവീണ് മരണത്തിന്‍െറ പ്രധാന കാരണം ഹൃദ്രോഗമാണെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. 95 ശതമാനം ഇത്തരം മരണങ്ങള്‍ക്കും പിന്നില്‍ ഹൃദയവുമായി ബന്ധപ്പെട്ട തകരാറുകളെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഹൃദ്രോഗങ്ങള്‍ പലതരത്തിലുണ്ട്. ഏകദേശം 10 ശതമാനം പേരില്‍ ഹൃദ്രോഗം ഹൃദയസ്തംഭനമായാണ് കണ്ടുവരുന്നത്.

Cardiovascular-Disease
എപ്പോള്‍, എവിടെ വെച്ച്, ആര്‍ക്ക് സംഭവിക്കും എന്ന് പ്രവചിക്കാന്‍ സാധ്യമല്ലാത്ത രോഗമാണ് ഹൃദയസ്തംഭനം. ജീവിതശൈലീ രോഗങ്ങളുടെ കൂട്ടത്തില്‍ വലിയതോതില്‍ ഹൃദ്രോഗങ്ങളുമുണ്ട്. മുമ്പ് മധ്യവയസിന് മുകളില്‍ മാത്രം കണ്ടിരുന്ന ഹൃദ്രോഗങ്ങള്‍ ഇന്ന് യുവാക്കളിലും കൂട്ടികളില്‍ പോലും കണ്ടുവരുന്നുണ്ട്.
രക്തത്തിലെ കൊഴുപ്പ് അഥവാ കൊളസ്ട്രോളിന്‍െറ ക്രമാതീതമായ ആധിക്യമാണ് ഹൃദയധമനികള്‍ അടഞ്ഞ് ഹൃദ്രോഗങ്ങള്‍ക്ക് കാരണമാവുന്നത്.
ഹൃദയധമനികള്‍ അടഞ്ഞ് പോകുന്നത് മൂലവും വൈകാരികവും ശാരീരികവുമായ ശക്തമായ ആഘാതം മൂലവും ഹൃദയസ്തംഭനം സംഭവിക്കാം. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ഹൃദയത്തിന് രക്തം പുറത്തേക്ക് പമ്പ് ചെയ്യാന്‍ കഴിയാതെവരുന്നു. ഇതുമൂലം മസ്തിഷ്കം, വൃക്കകള്‍, കരള്‍ തുടങ്ങി ശരീരത്തിലെ പ്രധാന അവയവങ്ങളിലേക്ക് രക്തം ലഭിക്കാതെ വരുന്നു. തുടര്‍ന്ന് രോഗി കുഴഞ്ഞുവീഴുകയും മരണം സംഭവിക്കുകയും ചെയ്യുന്നു.

obesity
പൊണ്ണത്തടിയുള്ളവരും പാരമ്പര്യമായി ഹൃദയ രോഗങ്ങള്‍ക്ക് സാധ്യതയുള്ളവരും പതിവായി ശാരീരിക പിശോധനകള്‍ (ഹെല്‍ത്ത് ചെക്കപ്പ്) നടത്തിയാല്‍ രോഗം തുടക്കത്തിലേ കണ്ടത്തെി ചികിത്സ ആരംഭിക്കാനും ഭക്ഷണ നിയന്ത്രണം, വ്യായാമം തുടങ്ങി ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുവാനും കഴിയും. ഏറ്റവും ഫലപ്രദമായ പ്രതിരോധ മാര്‍ഗമാണിത്. വര്‍ഷത്തില്‍ ഒരു തവണയെങ്കിലും ഹെല്‍ത്ത് ചെക്കപ്പുകള്‍ നടത്തുകയും ഇടക്ക് രക്ത പരിശോധന നടത്തുകയും ചെയ്താല്‍ രോഗത്തെ നേരത്തെ കണ്ടത്തെി കീഴടക്കാനാവും.
്എന്നാല്‍ വിദ്യാസമ്പന്നര്‍ പോലും ഇത്തരം കാര്യങ്ങളില്‍ വിമുഖരാണ്. രോഗം വന്നശേഷം മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളിലേക്ക് മികച്ച ചികിത്സതേടി പേകുന്നതായാണ് നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന രീതി. പക്ഷെ, ഹൃദയസ്തംഭനത്തിന് വിധേയരാകുന്ന രോഗികളില്‍ ഒരു വലിയ ശതമാനം മരിച്ചു പേകുന്നതായാണ് കണ്ടുവരുന്നത്. അടിസ്ഥാന ജീവന്‍രക്ഷാ ശുശ്രൂഷ ലഭിക്കാതെവരുന്നത് മൂലമാണിത്.
ഹൃദയസ്തംഭനം മൂലം കുഴഞ്ഞുവീഴുന്ന ഒരു വ്യക്തിയുടെ മരണം സംഭവിക്കുന്നത് പലപ്പോഴും ശരിയായ രീതിയിലുള്ള പ്രാഥമിക ശുശ്രൂഷ ലഭിക്കാത്തത് മൂലമാണ്. ഇത്തരം സാഹചര്യങ്ങളില്‍ ഉടനടി ചെയ്യേണ്ട ചില പ്രാഥമിക ജീവന്‍ രക്ഷാ മാര്‍ഗങ്ങളെ കുറിച്ച് പൊതുജനം ഇപ്പോഴും അജ്ഞരാണ്. ഇത്തരത്തിലുള്ള അവബോധം സമൂഹത്തില്‍ സൃഷ്ടിക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നോ സന്നദ്ധ സംഘടനകളുടെ ഭാഗത്തുനിന്നോ വേണ്ടത്ര ഉണ്ടാവുന്നുമില്ല.

ഉടന്‍ ചെയ്യേണ്ട ജീവന്‍ രക്ഷാ ശുശ്രൂഷകള്‍
കുഴഞ്ഞുവീഴുന്ന ഒരു വ്യക്തിക്ക് ബോധമുണ്ടോ എന്നറിയുകയാണ് ആദ്യം ചെയ്യേണ്ടത്. ഇല്ളെങ്കില്‍ രോഗിയെ കഴിയുന്നതും ഒരു ഉറച്ച പ്രതലത്തില്‍ മലര്‍ത്തിക്കിടത്തുക. രോഗിയെ എഴുന്നേല്‍പിക്കാന്‍ ശ്രമിക്കുകയോ വായില്‍ വെള്ളം ഒഴിച്ചു കൊടുക്കുകയോ ചെയ്യരുത്. ഇത്തരം കാര്യങ്ങള്‍ രോഗിയില്‍ ശ്വാസതടസ്സം സൃഷ്ടിച്ച് കുടുതല്‍ അപകടങ്ങള്‍ വരുത്താന്‍ കാരണമാവും. എത്രയും പെട്ടെന്ന് അടിയന്തിര വൈദ്യസംവിധാനം ഉള്ള ആശപത്രികളിലേക്ക് എത്തിക്കാനുള്ള ശ്രമം തുടങ്ങണം.Help_0
ഇതിനുമുമ്പായി രോഗിയുടെ ശ്വാസനനാളി പൂര്‍ണമായി തുറന്നുകിടക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തണം. പലപ്പോഴും ശ്വാസപഥം അടഞ്ഞ് കിടക്കുന്നതാണ് മരണകാരണം. ശ്വാസപഥം തുറക്കാന്‍ രോഗിയെ ഒരു കൈകൊണ്ട് തല അല്‍പം ചരിച്ച്, മറു കൈകൊണ്ട് താടി അല്‍പം മുകളിലേക്ക് ഉയര്‍ത്തണം. അടുത്തതായി രോഗി ശ്വസിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം. ഇല്ളെങ്കില്‍ ഉടന്‍ കൃത്രിമ ശ്വാസോച്ഛാസം നല്‍കണം.

കൃത്രിമ ശ്വാസോച്ഛാസം നല്‍കുന്ന രീതി
ഇത് ചെയ്യുന്ന വ്യക്തി ആദ്യം നിവര്‍ന്നിരുന്ന് ദീര്‍ഘശ്വാസം എടുക്കുക. തുടര്‍ന്ന് വായ കിടക്കുന്നയാളുടെ വായയോട് പരമാവധി ചേര്‍ത്തുവെക്കുക. എന്നിട്ട് രോഗിയുടെ വായയിലേക്ക് ശക്തമായി ഊതുക. അഞ്ചു സെക്കന്‍റില്‍ ഒരു തവണ എന്ന തോതില്‍ ഇങ്ങനെ ശ്വാസം നല്‍കണം. ഇങ്ങനെ ചെയ്യുമ്പോള്‍ രോഗിയുടെ നെഞ്ച് ഉയരുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. നെഞ്ച് ഉയരുന്നുണ്ടെങ്കില്‍ കൃത്രിമ ശ്വാസോച്ഛാസം നല്‍കുന്നത് നിര്‍ത്താം.
ഇതോടൊപ്പം തന്നെ രോഗിയുടെ നാടിമിടിപ്പും പരിശോധിക്കണം. നാടിമിടിപ്പില്ളെങ്കില്‍ CPR അഥവാ cardio pulmonary rescucitation നല്‍കേണ്ടത് അത്യാവശ്യമാണ്. ഇതിനായി നെഞ്ചിന്‍െറ മധ്യഭാഗത്ത് അല്‍പം താഴെ ഇരുകൈകളും പിണച്ച് വെച്ച് ശക്തിയായി അമര്‍ത്തുകയും വിടുകയും ചെയ്യണം. ഇത് ഒരു മിനിറ്റില്‍ ശരാശരി നൂറുതവണയെങ്കിലും ഇത് ആവര്‍ത്തിക്കണം.
ഓരോ മുപ്പത് തവണയും ഇങ്ങനെ ചെയ്യുമ്പോള്‍ ഇടയില്‍ കൃത്രിമശ്വാസത്തിന് അവസരം കൊടുക്കണം. ഇത് ചുരുങ്ങിയത് രണ്ടു മിനിറ്റ് ചെയ്യണം. രോഗിയുടെ നാഡീമിടിപ്പും ശ്വാസോച്ഛാസവും പുനസ്ഥാപിക്കുന്നത്വരെ ഇത് തുടരണം.
ഇത്തരം ജീവന്‍ രക്ഷാ മാര്‍ഗങ്ങള്‍ ശരിയായി മനസ്സിലാക്കാന്‍ പ്രായോഗിക മാര്‍ഗങ്ങളാണ് നല്ലത്. ഇതിനായി പഠന ക്ളാസുകളും പരിശീലനങ്ങളും നല്‍കേണ്ടത് അത്യാവശ്യമാണ്.

© 2024 Live Kerala News. All Rights Reserved.