ജര്‍മനിക്ക് ഉജ്ജ്വല വിജയം; യുക്രെയ്‌നെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തകര്‍ത്തു

പാരിസ്: യൂറോ കപ്പില്‍ ലോകചാമ്പ്യന്മാരായ ജര്‍മനിക്ക് ഉജ്ജ്വല വിജയത്തുടക്കമാണ്. ഗ്രൂപ് ‘സി’യിലെ മത്സരത്തില്‍ അട്ടിമറിവീരന്മാരായ യുക്രെയ്‌നെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത് ജര്‍മനി കിരീടപ്പോരാട്ടത്തിന് കിക്കോഫ് കുറിച്ചു. ലില്ലെയിലെ സ്താദ് പിയെറി മൗറോയിലെ നിറഞ്ഞ സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. കളിയുടെ 19ാം മിനിറ്റില്‍ ഷൊദ്‌റാന്‍ മുസ്തഫിയുടെ ഹെഡ്ഡര്‍ ഗോളിലൂടെ മുന്നിലെത്തിയ ജര്‍മനിയെ, 90ാം മിനിറ്റില്‍ പകരക്കാരനായിറങ്ങിയ ബാസ്റ്റ്യന്‍ ഷൈന്‍സ്റ്റീഗര്‍ ഉജ്വല വിജയത്തോടടുപ്പിച്ചു. ഇഞ്ചുറി ടൈമിലെ രണ്ടാം മിനിറ്റില്‍ മെസ്യൂത് ഓസിലിന്റെ വിങ്ങ് മുന്നേറ്റത്തെ ആദ്യ ടച്ചിലൂടെ തന്നെ ഷൈന്‍സ്റ്റീഗര്‍ വലയിലാക്കി. കളത്തിലിറങ്ങി രണ്ടാം മിനിറ്റിലാണ് മെസ്യൂത് ഓസിലിന്‍ നല്‍കിയ പാസ് നായകന്‍ പഴുതുകളില്ലാതെ വലയിലെത്തിച്ചത്. ഗോളി ആന്ദ്രെ പാറ്റോവിന്റെ മികച്ച പ്രകടനമാണ് കൂടുതല്‍ ഗോള്‍ വഴങ്ങാതെ യുക്രൈന്റെ തോല്‍വി ഭാരം കുറച്ചത്.
ആദ്യ പകുതിയില്‍ നേടിയ ഗോളുമായി പൊരുതിയ ലോകചാമ്പ്യനെ കരുത്തുറ്റ പ്രത്യാക്രമണവുമായാണ് യുക്രെയ്ന്‍ നേരിട്ടത്. ക്യാപ്റ്റന്റെ ആംബാന്‍ഡുമായി ടീമിനെ നയിച്ച ഗോളി മാനുവല്‍ നോയറും പ്രതിരോധത്തിലെ വന്‍മതിലായി നിറഞ്ഞു നിന്ന ജെറോംബോട്ടെങ്ങും ചേര്‍ന്നാണ് യുക്രെയ്ന്‍ മുന്നേറ്റങ്ങള്‍ പൊട്ടിച്ചത്. ഒന്നാം പകുതിയില്‍ ഉറപ്പിച്ച ഒരു ഗോള്‍ ബോട്ടെങ് ഗോള്‍ലൈന്‍ സേവില്‍ തട്ടിയകറ്റി. മറ്റൊന്ന് ഓഫ്‌സൈഡ് കെണിയില്‍ അവസാനിക്കുകയും ചെയ്തു.

© 2022 Live Kerala News. All Rights Reserved.