പിണറായി വിജയനെ വാനോളം പുകഴ്ത്തി മുസ്ലീംലീഗ് നേതാക്കള്‍;നേരത്തേ മുഖ്യമന്ത്രിയാവേണ്ട വ്യക്തിയാണ് പിണറായിയെന്ന് പിവി അബ്ദുല്‍ വഹാബ്; ഗുരുതുല്യനാണെന്ന് എംകെ മുനീര്‍

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി മുസ്ലീംലീഗ് നേതാക്കള്‍. മുഖ്യമന്ത്രിക്ക് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ഒരുക്കിയ സ്വീകരണ പരിപാടിയിലാണ് ലീഗ് നേതാക്കളായ എംകെ മുനീറും പിവി അബ്ദുള്‍ വഹാബും മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ചത്.
നേരത്തേ മുഖ്യമന്ത്രിയാവേണ്ട വ്യക്തിയാണ് പിണറായി വിജയനെന്ന് ലീഗ് സംസ്ഥാന സെക്രട്ടറിയും എം.പിയുമായ പി.വി. അബ്ദുല്‍ വഹാബ് പറഞ്ഞു. കൂടെ യാത്ര ചെയ്യുകയും പണമിടപാട് നടത്തുകയും ചെയ്താലാണ് ഒരാളുടെ യഥാര്‍ഥ സ്വഭാവം മനസ്സിലാവുകയെന്ന പ്രവാചകവചനം അനുസ്മരിച്ചാണ് വഹാബ് പ്രശംസിച്ചത്. പിണറായി തനിക്ക് ഗുരുതുല്യനാണെന്നാണ് എം.കെ. മുനീര്‍ എം.എല്‍.എ ആശംസാപ്രസംഗത്തില്‍ പറഞ്ഞു . പിണറായി വിജയന്‍ ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷ നിലപാട് പ്രശംസനീയമാണ്. രാഷ്ട്രീയമായി വിരുദ്ധ ചേരിയിലാണെങ്കിലും അദ്ദേഹവുമായി തനിക്കുള്ള ബന്ധം വലുതാണെന്നും മുനീര്‍ പറഞ്ഞു. കോഴിക്കോടിന്റെ വികസന പദ്ധതികള്‍ കൂടി മുന്നോട്ടുവെച്ചാണ് മുനീര്‍ പ്രസംഗം നിര്‍ത്തിയത്.

© 2022 Live Kerala News. All Rights Reserved.