കൊച്ചി മെട്രോയുടെ നിര്‍മ്മാണം നിലച്ചു; കരാര്‍ തുക 40 ശതമാനം ഉയര്‍ത്തണമെന്ന് സോമ കണ്‍സ്ട്രക്ഷന്‍സ്; പുതിയ കരാറുകാരനെ കിട്ടിയില്ല

കൊച്ചി: കൊച്ചി മെട്രോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിര്‍മാണം തുടരണമെങ്കില്‍ മുന്‍നിശ്ചയിച്ചതിനെക്കാള്‍ 40 ശതമാനം തുക അധികമായി നല്‍കണമെന്ന് കരാറുകാരായ സോമ കണ്‍സ്്ട്രക്ഷന്‍സ് ആവശ്യപ്പെട്ടതോടെയാണ് നിര്‍മ്മാണം നിലച്ചത്. എന്നാല്‍ ഈ തുക നല്‍കാനാവില്ലെന്ന് ഡിഎംആര്‍സി നിലപാടെടുത്തു. തുക കൂട്ടിയില്ലെങ്കില്‍ ഒഴിവാക്കണമെന്ന് സോമ കണ്‍സ്ട്രക്ഷന്‍സും. ഇതോടെയാണ് അവരെ ഒഴിവാക്കാന്‍ ഡിഎംആര്‍സി നിര്‍ബന്ധിതമായത്. മെട്രോയുടെ മഹാരാജാസ് കോളജ് മുതല്‍ സൗത്ത് വരെയുള്ള നിര്‍മാണമാണ് മുടങ്ങിയത്. മഹാരാജാസ് കോളജ് മുതല്‍ എറണാകുളം സൗത്ത് വരെയുളള മേഖലയില്‍ മെട്രോ നിര്‍മാണ ജോലികളില്‍ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. സ്ഥലമേറ്റെടുത്ത് നല്‍കാന്‍ വൈകിയതിനാലാണ് കാലതാമസമെന്നായിരുന്നു കരാറുകാരായ സോമ കണ്‍സ്ട്രക്ഷന്‍സിന്റെ വിശദീകരണം. എന്നാല്‍ ഈ മേഖലയിലെ നിര്‍മാണ ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ പുതിയ കരാറുകാരെ കണ്ടെത്താന്‍ ഡിഎംആര്‍സിക്കായിട്ടില്ല. സോമ കണ്‍സ്ട്രക്ഷന്‍സിനെ ഏല്‍പ്പിച്ചിരുന്ന ജോലികള്‍ ഏതു സ്ഥാപനത്തെ ഏല്‍പ്പിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് ഡിഎംആര്‍സി. പുതിയ കരാറുകാരെ കണ്ടെത്തി നിര്‍മ്മാണം തുടരാനുള്ള ശ്രമത്തിലാണ് ഡിഎംആര്‍സി.