കോപ്പ അമേരിക്കയില്‍ നിന്നും ഉറുഗ്വായ് പുറത്ത്; വെനസ്വലെ ക്വാര്‍ട്ടറില്‍

കാലിഫോര്‍ണിയ: കോപ്പ അമേരിക്കയുടെ ശതാബ്ദി ടൂര്‍ണമെന്റില്‍ നിന്നും മുന്‍ ചാമ്പ്യന്മാരായ ഉറുഗ്വായ് പുറത്തായി. നിര്‍ണായക മത്സരത്തില്‍ വെനസ്വലെയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റാണ് ഉറുഗ്വായ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്തായത്. വെനസ്വലെ ക്വാര്‍ട്ടറില്‍ കടന്നു. മത്സരത്തിന്റെ മുപ്പത്തിയാറാം മിനിട്ടില്‍ സ്‌ട്രൈക്കര്‍ സാലോമോന്‍ റോന്‍ഡനാണ് ഉറുഗ്വായുടെ നെഞ്ച് പിളര്‍ന്ന് വെലസ്വലെയുടെ വിജയഗോള്‍ നേടിയത്. ടൂര്‍ണമെന്റില്‍ നിന്നും പുറത്താകുന്ന ആദ്യടീമാണ് ഉറുഗ്വായ്. നേരത്തെ തങ്ങളുടെ ആദ്യ മത്സരത്തില്‍ മെക്‌സിക്കയോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഉറുഗ്വായ് നാണംകെട്ടിരുന്നു.

നോക്കൗട്ട് സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമെന്ന നിലയിലായിരുന്നു ഉറുഗ്വായ് മത്സരത്തിനിറങ്ങിയത്. സൂപ്പര്‍ താരം ലൂയി സുവാരസ് ഇല്ലാതെയായിരുന്നു തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഉറുഗ്വായ് ഇറങ്ങിയത്. പക്ഷെ ടീമിന്റെ മുന്നേറ്റങ്ങള്‍ക്ക് സുവാരസിന്റെ അസാന്നിധ്യം തടസ്സമായില്ല. തുടക്കം മുതല്‍ മത്സരത്തില്‍ മുന്‍തൂക്കം നിലനിര്‍ത്താന്‍ അവര്‍ക്കായി. മത്സരത്തില്‍ ഏറിയ പങ്കും പന്ത് കൈവശം വെച്ചതും ഉറുഗ്വായ് തന്നെ. പക്ഷെ അനുകൂല അവസരങ്ങള്‍ ഉറുഗ്വായ്ക്ക് മുതലാക്കാനായില്ല. ഏതാണ്ട് ഒരു ഡസനോളം ഗോളവസരങ്ങള്‍ ഉറുഗ്വായ്ക്ക് ലഭിച്ചു. ഇതില്‍ ഒന്നുപോലും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിയാഞ്ഞതില്‍ അവര്‍ക്ക് സ്വയം പരിതപിക്കാം. അതേസമയം കിട്ടിയ രണ്ട് അവസരങ്ങളില്‍ ഒന്ന് ലക്ഷ്യത്തിലെത്തിച്ച് വെനസ്വലെ കരുത്തുകാട്ടി.

© 2024 Live Kerala News. All Rights Reserved.