കൊച്ചിയിലെ പ്രമുഖ ആശുപത്രിയില്‍ നഴ്‌സ് ബലാത്സംഗത്തിന് ഇരയായി; ആശുപത്രി ജീവനക്കാരാണ് പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്; കേസ് ഒതുക്കാന്‍ ഗുഢാലോചന

കൊച്ചി: കൊച്ചിയിലെ പ്രമുഖ ആശുപത്രിയില്‍ നഴ്‌സ് ബലാത്സംഗത്തിന് ഇരയായതായി റിപ്പോര്‍ട്ട്. ആശുപത്രിയിലെ ജീവനക്കാരില്‍ ചിലരാണ് പെണ്‍കുട്ടിയെ ക്രൂര ബലാത്സംഗം ചെയ്തതെന്നും സംഭവം ആശുപത്രിയുടെ സ്വാധീനം ഉപയോഗിച്ച് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. ഗുരുതരാവസ്ഥയിലായ യുവതിയെ രഹസ്യ കേന്ദ്രത്തിലേക്കു മാറ്റിയെന്നാണ് ലഭ്യമായ വിവരം. എന്നാല്‍ യുവതിയോ ബന്ധുക്കളെ പൊലീസില്‍ പരാതി നല്‍കാന്‍ തയ്യാറാകാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പൊലീസ് അധികൃതരെ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. പരാതിയില്ലാത്തതിനാല്‍ കേസെടുക്കാന്‍ നിര്‍വ്വാഹമില്ലെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.

മേയ് 31നും ജൂണ്‍ ഒന്നിനുമിടയിലാണ് സംഭവം നടന്നുവെന്നാണ് വിവരം. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസിന് പരാതി നല്‍കാതിരിക്കാന്‍ പണം നല്‍കി ഒതുക്കിയെന്നും ആരോപണമുണ്ട്. ബലാത്സംഗത്തെത്തുടര്‍ന്നു ഗുരുതരമായ പരുക്കുമൂലം രക്തസ്രാവം ഉണ്ടായ പെണ്‍കുട്ടിയെ മെഡിക്കല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നതായാണ് വിവരം. ബലാത്സംഗത്തിനിരയായ യുവതിയെ ആശുപത്രിയില്‍നിന്നു മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.