കോപ്പയില്‍ ബ്രസീല്‍ കത്തികയറി; ഏഴു ഗോളുകള്‍ക്ക് ഹെയ്തിയെ തകര്‍ത്തു

ഫ്‌ളോറിഡ: കോപ അമേരിക്ക ഫുട്‌ബോള്‍ ശതാബ്ദി ടൂര്‍ണമെന്റില്‍ ഇന്നത്തെ മത്സരത്തില്‍ ഹെയ്തിയെ  ബ്രസീല്‍ തകര്‍ത്തു. ഒന്നിനെതിരേ ഏഴു ഗോളുകള്‍ക്കാണ് ഹെയ്ത്തിയെ ബ്രീസീല്‍ തോല്‍പിച്ചത്. ഫിലിപ്പോ കൗട്ടീഞ്ഞോ ഹാട്രിക്ക് നേടിയപ്പോള്‍ റെനേറ്റോ അഗസ്‌റ്റോയുടെ ഇരട്ടഗോളുകളും, ഗബ്രിയേല്‍, ലൂക്കാസ് ലിമ എന്നിവരുമായിരുന്നു മഞ്ഞക്കിളികള്‍ക്കായി സ്‌കോര്‍ ചെയ്തത്. ഹെയ്തിക്കായി ജെയിംസ് മാഴ്‌സലിന്‍ ഒരു ഗോള്‍ മടക്കി. ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോളുകള്‍ നേടിയ ബ്രസീല്‍ രണ്ടാം പകുതിയില്‍ നാലു ഗോളുകള്‍ കുറിച്ച് തകര്‍ത്താടി. ലോകകപ്പ് സെമിയില്‍ ജര്‍മ്മനിയോട് ഏഴു ഗോളിന് പരാജയപ്പെട്ട ശേഷം ബ്രസീല്‍ നേടുന്ന കൂറ്റന്‍ ജയമായിരുന്നു ഇത്.

കൂടുതല്‍ സമയം പന്ത് കൈവശം വെച്ചും പരസ്പര ധാരണയോടെ മുന്നേറ്റം നെയ്തും കളിച്ച ബ്രസീലിനായി ആദ്യഗോള്‍ വന്നത് കൗട്ടീഞ്ഞോയില്‍ നിന്നും 14 ാം മിനിറ്റിലായിരുന്നു. ഓട്ടത്തിനിടയില്‍ തൊടുത്ത തകര്‍പ്പനടി വലയിലെത്തി. തൊട്ടു പിന്നാലെ രണ്ടാം ഗോളും വന്നു. 28 ാം മിനിറ്റില്‍ ജോനാസ് കൊടുത്ത പന്ത് കൗട്ടീഞ്ഞോ വലയിലാക്കി. ആറു മിനിറ്റ് കഴിഞ്ഞപ്പോള്‍ അഗസ്‌റ്റോയുടെ വകയായിരുന്നു മൂന്നാം ഗോള്‍. നായകന്‍ ആല്‍വസ് കൊടുത്ത ക്രോസില്‍ അഗസ്‌റ്റോയുടെ തകര്‍പ്പന്‍ ഹെഡ്ഡര്‍. ആദ്യ പകുതി മൂന്ന് ഗോള്‍ സമ്പാദ്യവുമായി പിരിഞ്ഞ ബ്രസീല്‍ രണ്ടാം പകുതിയിലും വിട്ടില്ല. ഹെയ്തി ഗോള്‍മുഖം തുടര്‍ച്ചയായി ആക്രമിക്കുന്നതില്‍ മുന്നില്‍ നിന്ന ഗബ്രിയേലിന്റെ വകയായിരുന്നു രണ്ടാം പകുതിയിലെ ആദ്യത്തേതും കളിയിലെ നാലാമത്തേതുമായ ഗോള്‍. പകരക്കാരനായി എത്തിയ ഈ 19 കാരന്റെ ഇടംകാലനടി ഹെയ്തി ഗോളിയുടെ വലതുവശത്തുകൂടി വലയില്‍ കയറി. തൊട്ടുപിന്നാലെ പകരക്കാരനായി ഇറങ്ങിയ ലൂക്കാസ് ലിമയും ഗോള്‍ കുറിച്ചു. ആല്‍വസിന്റെ ക്രോസില്‍ തലവെച്ചായിരുന്നു ഗോള്‍. അടുത്തത് ഹെയ്തിയുടെ ഊഴമായിരുന്നു. ഹെയ്തിയുടെ ആക്രമണത്തിനൊടുവില്‍ ബ്രസീലിയന്‍ ഗോളി രക്ഷപ്പെടുത്തിയ ഒരു പന്ത് വഴുതിപ്പോയപ്പോള്‍ മാഴ്‌സലിന്‍ വലയിലേക്ക് അടിച്ചിട്ടു. തൊട്ടുപിന്നാലെ മൂന്ന് തവണയോളം ഹെയ്തി ഗോള്‍മുഖം ബ്രസീല്‍ വിറപ്പിച്ചു. ഹെയ്തി ഗോളിയുടെ മിടുക്കായിരുന്നു തുണയായത്. എന്നാല്‍ പ്രതിരോധം അധികം നീണ്ടില്ല. 86 ാം മിനിറ്റില്‍ അഗസ്‌റ്റോ ബ്രസീലിനായി വീണ്ടും ഗോള്‍ കുറിച്ചു. അഗസ്‌റ്റോയുടെ അടി വലയില്‍ കയറി. ഇഞ്ചുറി സമയത്ത് കളിയിലെ ഏറ്റവും മികച്ച ഗോളുകളില്‍ ഒന്ന് നേടി കൗട്ടീഞ്ഞോ ഹാട്രിക് കുറിച്ചു.

© 2024 Live Kerala News. All Rights Reserved.