വന്‍ ആയുധ ശേഖരവുമായി പിടിയിലായ ഭീകരന്‍ ലക്ഷ്യമിട്ടത് 15 സ്‌ഫോടനങ്ങള്‍; യൂറോ കപ്പ് മത്സരം തകര്‍ക്കുകയും ലക്ഷ്യം

കീവ്: വന്‍ ആയുധ ശേഖരവുമായി കഴിഞ്ഞമാസം ഉക്രയിനില്‍ പിടിയിലായ ഭീകരന്‍ ലക്ഷ്യമിട്ടത് 15 സ്‌ഫോടനങ്ങള്‍. ഇതില്‍ യൂറോ കപ്പും ലക്ഷ്യം വച്ചു. വെള്ളിയാഴ്ചയാണ് യൂറോ കപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ തുടങ്ങുന്നത്. യുക്രെയ്‌ന്റെ സുരക്ഷാ ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇരുപത്തഞ്ചുകാരനായ എം. ഗ്രിഗോയിര്‍ ആണ് ഇയാളെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 15 ആക്രമണങ്ങളാണ് ഇയാള്‍ പദ്ധതിയിട്ടിരുന്നത്. തോക്കുകള്‍, ഡിറ്റൊണേറ്ററുകള്‍, 125 കിലോ ടിഎന്‍ടി തുടങ്ങിയവ അറസ്റ്റിലാകുന്ന സമയത്ത് ഇയാളുടെ പക്കലുണ്ടായിരുന്നു. കിഴക്കന്‍ ഫ്രാന്‍സിലെ ലൊറെയ്ന്‍ മേഖലയില്‍ കൃഷി സഹകരണസംഘത്തിലെ ജോലിക്കാരനായിരുന്നു ഇയാളെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ വെളിപ്പെടുത്തി. ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്തയാളാണ് ഇയാളെന്നുമാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നുവെന്ന് സുരക്ഷാ ഏജന്‍സി തലവന്‍ അറിയിച്ചു. യൂറോ കപ്പിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.