ഗുജറാത്തിലെ ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ ശിക്ഷ ഇന്ന് വിധിക്കും; കുറ്റക്കാരാണെന്ന് കണ്ടെത്തിയത് 24 പേരെ

ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് കലാപത്തിലെ ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല കേസില്‍ ശിക്ഷവിധി ഇന്നുണ്ടാകും. അഹമ്മദാബാദ് എസ്.ഐ.ടി കോടതിയാണ് ശിക്ഷ വിധിക്കുക. കുറ്റക്കാരെന്ന് കണ്ടെത്തിയത് 24 സംഘ്പരിവാരുകാരാണ്. പ്രതികളില്‍ 11പേര്‍ക്ക് കൊലക്കുറ്റത്തിനും 13 പേര്‍ക്ക് ഗൗരവമല്ലാത്ത കുറ്റകൃത്യങ്ങള്‍ക്കുമാണ് ശിക്ഷ വിധിക്കുക. കൊലപാതകം ചുമത്തിയവര്‍ക്ക് വധശിക്ഷ നല്‍കാനാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുക.അതേസമയം, ക്രിമിനല്‍ ഗൂഢാലോചനക്കുറ്റത്തില്‍നിന്ന് എല്ലാ പ്രതികളെയും കോടതി ഒഴിവാക്കിയതിനാല്‍ വിശ്വഹിന്ദു പരിഷത്ത് നേതാവ് അതുല്‍ വൈദ്യ അടക്കമുള്ള അവശേഷിക്കുന്ന 13 പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കില്ലെന്നാണ് നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചന. 14 വര്‍ഷം നീണ്ട നിയമ നടപടികള്‍ക്കൊടുവില്‍, വ്യാഴാഴ്ചയാണ് കേസില്‍ വിധിപ്രഖ്യാപിച്ചത്. കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയ ബി.ജെ.പി നേതാവും കോര്‍പറേറ്ററുമായ ബിബിന്‍ പട്ടേല്‍, കൂട്ടക്കൊലയുടെ തെളിവ് നശിപ്പിച്ച പൊലീസ് ഇന്‍സ്പെക്ടര്‍ കെ.ജി എര്‍ഡ എന്നിവരടക്കം 36 പേരെ കുറ്റമുക്തരാക്കിയിരുന്നു. കടുത്ത ശിക്ഷയാണെങ്കില്‍ കേന്ദ്രസര്‍ക്കാറിന്റെയും ഗുജറാത്ത് സര്‍ക്കാറിന്റെയും പ്രതിച്ഛായയെ ബാധിക്കും.

© 2024 Live Kerala News. All Rights Reserved.