സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷ ബഹളം; അടിയന്തരപ്രമേയത്തിന് നോട്ടീസ്

 

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ സ്പീക്കറുടെ മറുപടിക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ബാര്‍ കോഴക്കേസില്‍ അടിയന്തരപ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി. അതേസമയം. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയതെന്ന സ്പീക്കര്‍ എന്‍. ശക്തന്റെ പരാമര്‍ശം പ്രതിഷേധത്തിന് വഴിവച്ചു.

സ്പീക്കറല്ല സര്‍ക്കാരാണ് മറുപടി പറയേണ്ടതെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മാണിക്കെതിരായ കുറ്റപ്പത്രം രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി അട്ടിമറിച്ചു. വിജിലന്‍സ് റിപ്പോര്‍ട്ടിലെ വസ്തുതകള്‍ സ്പീക്കര്‍ എങ്ങനെ മനസിലാക്കി. ഡയറക്ടര്‍ ഇക്കാര്യങ്ങള്‍ സ്പീക്കറെ നേരിട്ട് അറിയിച്ചെങ്കില്‍ രേഖകള്‍ സഭയില്‍ വയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

ബാര്‍ കോഴക്കേസില്‍ മാണിക്കെതിരായ കുറ്റപത്രം അട്ടിമറിച്ചുവെന്നാരോപിച്ചാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എസ്. ശര്‍മയാണ് നോട്ടീസ് നല്‍കിയത്. അന്വേഷണ സംഘത്തിന് സ്വതന്ത്രമായി കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള അവസരം നഷ്ടപ്പെടുത്തിയെന്ന് എസ്. ശര്‍മ ആരോപിച്ചു. നിയമോപദേശം വിലയ്ക്കു വാങ്ങുകയായിരുന്നു. വിജിലന്‍സ് ഡയറക്ടറുടെ തലച്ചോറ് മുഖ്യമന്ത്രിയുടേതാണെന്നും ശര്‍മ പറഞ്ഞു.

ബാര്‍ കോഴയില്‍ വിജിലന്‍സ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്ന് സ്പീക്കര്‍ എന്‍. ശക്തന്‍ പറഞ്ഞു. കേസില്‍ സര്‍ക്കാര്‍ ഒരു തരത്തിലും ഇടപെട്ടിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സഭയില്‍ പറഞ്ഞു. കോടതിയില്‍ റിപ്പോര്‍ട്ട് വരുന്നതുവരെ വ്യവസ്ഥാപിത മാര്‍ഗങ്ങള്‍ പിന്‍തുടരും. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.