പദവി ആവശ്യപ്പെട്ട് കീറക്കടലാസില്‍ എഴുതി നല്‍കേണ്ട ആവശ്യമില്ല; താനടക്കം നട്ടുനനച്ചുണ്ടാക്കിയ പ്രസ്ഥാനമാണ് സിപിഎം; പറയാനുള്ള നേരിട്ട് പറഞ്ഞാണ് ശീലമെന്നും വിഎസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: ഏതെങ്കിലും പദവി ആവശ്യപ്പെട്ട് എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങില്‍ കീറക്കടലാസില്‍ കുറിപ്പ് എഴുതി നല്‍കേണ്ട ആവശ്യമില്ലെന്നും താനടക്കം നട്ടുനനച്ചുണ്ടാക്കിയ സിപിഎം എന്ന മഹാപ്രസ്ഥാനത്തിന്റെ ഇപ്പോഴത്തെ ഏതു നേതാക്കളോടും എന്തുകാര്യവും നേരിട്ടുപറയാനും എന്തെങ്കിലും എഴുതിക്കൊടുക്കേണ്ടി വന്നാല്‍ അതിനും എനിക്ക് സ്വാതന്ത്യവുമുണ്ടെന്നും വിഎസ് അച്യുതാനന്ദന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. പദവി ആവശ്യപ്പെട്ട് യച്ചൂരിക്ക് കുറിപ്പ് നല്‍കിയിട്ടില്ല. ഞാന്‍കൂടി എനിക്ക് ഏതെങ്കിലും പദവി ആവശ്യമുണ്ടെങ്കില്‍ പുതിയ ഒരു സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുന്നതിനിടയില്‍ യച്ചൂരിക്ക് എന്തെങ്കിലും കുറിപ്പ് നല്‍കേണ്ടതില്ല. അന്നും അതിനുമുമ്പുള്ള ദിവസങ്ങളിലും ഞാനും യച്ചൂരിയും മാത്രമായും അല്ലാതെയും പലതവണ കൂടിക്കണ്ടിരുന്നു. കഴിഞ്ഞ ഏഴര പതിറ്റാണ്ടോളം നീണ്ട പൊതുപ്രവര്‍ത്തനത്തിനിടയില്‍ ഒരു ഘട്ടത്തിലും സ്ഥാനമാനങ്ങളുടെ പിന്നാലെ പോയിട്ടില്ലെന്ന് എനിക്ക് ചങ്കൂറ്റത്തോടെ പറയാന്‍ കഴിയും. എന്റെ പൊതുപ്രവര്‍ത്തനത്തിനിടയില്‍ ചില സ്ഥാനമാനങ്ങള്‍ പ്രസ്ഥാനം തന്നിട്ടുണ്ട്, അത് അഭിമാനത്തോടെ സ്വീകരിച്ചിട്ടുമുണ്ട്. എന്തെങ്കിലും സ്ഥാനമാനങ്ങള്‍ കിട്ടുമെന്ന് കരുതിയല്ല ഞാന്‍ പൊതുപ്രവര്‍ത്തനത്തിനിറങ്ങിയത്. പൊതുപ്രവര്‍ത്തനത്തില്‍ ഇനിയും ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

© 2024 Live Kerala News. All Rights Reserved.