ഇന്ത്യയ്ക്ക് വെല്ലുവിളിയുയർത്തി ചൈനീസ് മുങ്ങിക്കപ്പലുകൾ കറാച്ചി തുറമുഖത്തേക്ക് നീങ്ങുന്നതായി റിപ്പോർട്ട്

ന്യൂഡൽഹി:സമുദ്ര സുരക്ഷാ രംഗത്ത് ഇന്ത്യയ്ക്ക് പുതിയ വെല്ലുവിളിയുയർത്തി ചൈനീസ് മുങ്ങിക്കപ്പലുകൾ പാക്കിസ്ഥാനിലെ കറാച്ചി തുറമുഖത്തേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. സമീപകാലത്ത് ശ്രീലങ്കയിലെ കൊളംബോ തുറമുഖത്ത് ചൈനീസ് മുങ്ങിക്കപ്പലുകൾ തുടർച്ചയായി സന്ദര്‍ശനം നടത്തിയതിന് സമാനമാണ് പാക്കിസ്ഥാനിലെ കറാച്ചിയിലേക്കുള്ള നീക്കുവുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. അടുത്തിടെയായി ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന് പാക്കിസ്ഥാനും ചൈനയും നീക്കങ്ങൾ നടത്തിവരികയാണ്. ശത്രുക്കൾ തമ്മിൽ കൈകോർക്കുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നിരിക്കെ ഇരുവരുടെയും നീക്കങ്ങൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

ഇക്കാലമത്രയും ചൈനീസ് തീരങ്ങളോട് ചേർന്ന് മാത്രം പ്രവർത്തിച്ചിരുന്ന ചൈനീസ് ലിബറേഷൻ ആർമി-നേവി (പിഎൽഎ-എൻ) ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ സാന്നിധ്യം ശക്തമാക്കാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് പാക്ക് തുറമുഖവുമായുള്ള സഹകരണ നീക്കമെന്നാണ് വിലയിരുത്തൽ. മേഖലയിൽ സാന്നിദ്ധ്യം ശക്തിപ്പെടുത്താനുള്ള ചൈനയുടെ നീക്കത്തിൽ ഇന്ത്യയുടെ യുഎസും ഉള്‍പ്പെയുള്ള രാജ്യങ്ങൾ ആശങ്ക രേഖപ്പെടുത്തിയിരുന്നു.

ഇക്കഴിഞ്ഞ മെയ് 22ന് ചൈനീസ് മുങ്ങിക്കപ്പലായ യുവാൻ-ക്ലാസ് 335 ഇന്ത്യൻ തീരത്തിന് സമീപത്തുകൂടി അറബിക്കടൽ മുറിച്ചു കടന്ന് കറാച്ചിയിലെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. ഒരാഴ്ച കറാച്ചി തുറമുഖത്ത് തങ്ങിയ ശേഷമാണ് മുങ്ങിക്കപ്പൽ മടങ്ങിയതത്രെ. സമീപകാലത്ത് ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തേക്കും ഇത്തരത്തിൽ ചൈനീസ് മുങ്ങിക്കപ്പലുകൾ നടത്തിയ യാത്രകളെ ഇന്ത്യ സംശയത്തോടെയാണ് വീക്ഷിച്ചിരുന്നത്. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ചൈനീസ് മുങ്ങിക്കപ്പലുകളുടെയും യുദ്ധക്കപ്പലുകളുടെയും സാന്നിദ്ധ്യത്തെ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് നാവിക സേനാ ചീഫ് അഡ്മിറൽ റോബിൻ ധൊവാൻ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.