ഇന്ത്യയെക്കുറിച്ചറിയാൻ ലോകത്തിന് ഇപ്പോൾ കൂടുതൽ താൽപര്യം: മോദി

ന്യൂഡൽഹി: ജൂൺ 21ന് ലോകമൊന്നാകെ രാജ്യാന്തര യോഗാ ദിനം ആചരിക്കുന്ന കാഴ്ച ആഹ്ലാദം പകരുന്നതായിരുന്നെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യരാഷ്ട്ര സംഘടയുടെ സെക്രട്ടറി ജനറലായ ബാൻ കി മൂൺ ഉൾപ്പെടെയുള്ളവർ യോഗ ദിനാചരണത്തിന്റെ ഭാഗമായി മാറിയ കാഴ്ച തനിക്ക് ഏറെ സന്തോഷം പകർന്നുവെന്നും മോദി വ്യക്തമാക്കി.

പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മാൻ കി ബാത്തിന്റെ ഒൻപതാം പതിപ്പിലായിരുന്നു യോഗ ദിനാചരണത്തെക്കുറിച്ചുള്ള മോദിയുടെ പരാമർശങ്ങൾ. യോഗ ദിനാചരണത്തിന്റെ ഭാഗമാകാൻ രാജ്യത്തെ സായുധ സൈനിക വിഭാഗങ്ങൾ നടത്തിയ ശ്രമത്തെയും മോദി അഭിനന്ദിച്ചു. സിയാച്ചിനിലും കപ്പലുകളിലും വരെ അവർ യോഗദിനാചരണത്തിന്റെ ഭാഗമായെന്നും മോദി ചൂണ്ടിക്കാട്ടി.

കേന്ദ്ര സർക്കാർ ആവിഷ്കരിച്ചിരിക്കുന്ന ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി പെൺമക്കളുമൊത്തുള്ള സെൽഫികൾ പ്രചരിപ്പിക്കാനും പ്രഭാഷണത്തിൽ മോദി ആവശ്യപ്പെട്ടു. രക്ഷാ ബന്ധൻ ദിനത്തിന്റെ ഭാഗമായി നമ്മുടെ സഹോദരിമാരെ വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ഭാഗമാക്കാനും മോദി ആഹ്വാനം െചയ്തു.

രാജ്യാന്തര യോഗ ദിനാചരണം വൻ വിജയമായതോടെ ലോകത്തിന് കൂടുതൽ യോഗാധ്യാപകരെ ആവശ്യമായി വന്നിരിക്കുകയാണ്. ഇന്ത്യയെക്കുറിച്ചും നമ്മുടെ മൂല്യങ്ങളെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും കൂടുതൽ അറിയാൻ ഇപ്പോൾ ലോകത്തിന് താൽപര്യമുണ്ട് – മോദി പറഞ്ഞു. അഹിംസയുടെ സന്ദേശം ലോകത്തിന് പകരുകയാണ് ഇതിലൂടെ നാം ചെയ്യുന്നതെന്നും മോദി അഭിപ്രായപ്പെട്ടു. രാജ്യത്തിന് തന്നെ അഭിമാനകരമായ നേട്ടമാണിത്.

ഈ വർഷം ആഗസ്റ്റ് 15ന് മുൻപ് രാജ്യത്തെ സ്കൂളുകളിലെല്ലാം ശുചിമുറികൾ നിർമിക്കുമെന്നും മോദി വ്യക്തമാക്കി. ഇത് നാം കഴിഞ്ഞ 60 വർഷങ്ങള്‍കൊണ്ട് നേടിയെടുത്തതല്ലെന്നും ഏതാനും മാസത്തെ ശ്രമഫലമാണെന്നും മോദി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ നാം മൂന്ന് ക്ഷേമപദ്ധതികൾ ആരംഭിച്ചു. കുറഞ്ഞ കാലയളവിനുള്ളിൽ 10 കോടിയിൽപ്പരം ആളുകളാണ് ഈ പദ്ധതികളുടെ ഭാഗമായത്. ജൻ ധൻ പദ്ധതി ആരംഭിച്ചതോടെ ബാങ്ക് ജോലിക്കാർ കൂടുതൽ ഊര്‍ജ്വസ്വലരാവുകയും അവരുടെ ജോലി ഏറ്റവും ഭംഗിയായിത്തന്നെ പൂർത്തിയാക്കുകയും ചെയ്തെന്ന് മോദി ചൂണ്ടിക്കാട്ടി.

© 2024 Live Kerala News. All Rights Reserved.